തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കാൻ തീരുമാനം; അൻവറിന്റെ നിലപാട് ഇന്നറിയാം
text_fieldsമലപ്പുറം: തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാക്കാൻ യു.ഡി.എഫ് ഏകോപന സമിതി തീരുമാനം. ഓൺലൈൻ യോഗത്തിലാണ് ധാരണ. ഒരു മണിക്കൂറോളം നീണ്ട യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അന്‍വർ ഉയർത്തിയ വിഷയത്തിൽ വിശദമായ ചർച്ചയാണ് യോഗത്തിൽ നടന്നത്.
പി.വി. അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിക്കാൻ കൺവീനർ അടൂർ പ്രകാശിനെയും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ചുമതലപ്പെടുത്തി. യോഗതീരുമാനം ഇവർ അൻവറിനെ അറിയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണക്കണമെന്ന ആവശ്യം ഏകോപന സമിതി യോഗം മുന്നോട്ടുവെച്ചിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി വിമർശിച്ച വിഷയത്തിൽ ഘടകകക്ഷി നേതാക്കൾ ശക്തമായ വിമർശനമാണ് അന്‍വറിനെതിരെ യോഗത്തിൽ ഉന്നയിച്ചത്. യു.ഡി.എഫ് ഘടകകക്ഷിയാകാൻ അൻവർ കത്ത് നൽകി കാത്തിരിക്കുന്ന ഘട്ടത്തിൽ സ്ഥാനാർഥിയെ വിമർശിച്ചത് ശരിയായില്ല. യു.ഡി.എഫ് ചെയർമാനായ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായി.
അൻവറിനെ നിയന്ത്രിക്കേണ്ടതായിരുന്നു എന്നതടക്കമുള്ള വിമർശനങ്ങൾ യോഗത്തിലുണ്ടായി. തെരഞ്ഞെടുപ്പ് യു.ഡി.എഫിന് നിർണായകമായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പി.വി. അൻവറിനെക്കൂടി സഹകരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് അസോസിയേറ്റ് അംഗമാക്കാൻ തീരുമാനിച്ചത്. യോഗശേഷം അടൂർ പ്രകാശ് തീരുമാനം മാധ്യമങ്ങളോട് വിശദീകരിച്ചു. എല്ലാ ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ് തീരുമാനം പുറത്തുവന്ന സാഹചര്യത്തിൽ പി.വി. അൻവർ ശനിയാഴ്ച രാവിലെ വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്. അൻവറിന്റെ നിലപാട് ഇന്നറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

