പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം സംശയാസ്പദമെന്ന് എം.ഐ. രവീന്ദ്രന്‍
text_fieldsകോട്ടയം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം അഴിമതി ലക്ഷ്യമിട്ടാണെന്ന് ദേവികുളം മുന്‍ അഡീ. തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രന്‍. സി.പി.ഐയിലെ ഗ്രൂപ്പുവഴക്കിന്‍റെ ഭാഗമായെടുത്ത ഈ തീരുമാനത്തിന്‍റെ മറവിൽ വൻ പണപ്പിരിവിനാണ് കളമൊരുങ്ങുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പട്ടയം റദ്ദാക്കലിന്‍റെ തുടർനടപടികൾക്ക് സി.പി.ഐയുടെ സർവിസ് സംഘടനയിൽപെട്ടവരെ മാത്രമാണ് നിയോഗിച്ചിരിക്കുന്നത്. സി.പി.എം യൂനിയനിലുള്ളവരെപ്പോലും പൂർണമായി ഒഴിവാക്കി. ഇതിനുപിന്നിൽ റിസോർട്ടുകളിൽനിന്നടക്കം ഭീഷണിപ്പെടുത്തി പണംപിരിക്കാനുള്ള നീക്കമാണ്.
ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് ചേർന്ന സർവകക്ഷിയോഗത്തിൽ ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റെഗുലറൈസ് ചെയ്യാനായിരുന്നു തീരുമാനം. ഇത് നിലനിൽക്കെ, മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്ന സമയത്ത് രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് സംശയാസ്പദമാണ്.
പട്ടയങ്ങൾ വിതരണംചെയ്ത കാലത്ത് അഡീഷനല്‍ തഹസില്‍ദാറുടെ ഒഴിവിനെത്തുടർന്നാണ് ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു തനിക്ക് അഡീഷനല്‍ തഹസില്‍ദാരുടെ പൂർണ ചുമതല നൽകി കലക്ടർ ഉത്തരവിറക്കിയത്. എന്നാൽ, ഇത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതോടെ നിയമനത്തിന് സാധുത കൈവന്നില്ല. റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിനുകാരണം. ഇതിന് താനോ പട്ടയം വാങ്ങിയവരോ ഉത്തരവാദിയല്ല.
താൻ നൽകിയ പട്ടയങ്ങൾ റദ്ദാക്കാൻ ഉത്തരവിറക്കിയ റവന്യൂ വകുപ്പ്, മുന്‍ തഹസില്‍ദാര്‍ 1970 മുതല്‍ കെ.ഡി.എച്ച് വില്ലേജില്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് ഒരു നിയമവും മറ്റൊരാള്‍ക്ക് മറ്റൊരു നിയമവും ശരിയല്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും രവീന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.