കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണി സംബന്ധിച്ച് വ്യക്തമായ ധാരണ വേണമെന്ന ആവശ്യം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ശക്തമാകുന്നു.
നിയമസഭയിലും പുറത്തും പാർട്ടി സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനം വേണമെന്നാണ് ഭൂരിപക്ഷം ജില്ല കമ്മിറ്റികളുടെയും ജില്ല-സംസ്ഥാന നേതാക്കളുടെയും ആവശ്യം.
ജില്ല സമ്മേളനങ്ങളിൽ യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും എതിരെ ഉയർന്ന രൂക്ഷ വിമർശനംകൂടി കണക്കിലെടുത്ത് വൈകാതെ സ്റ്റിയറിങ് കമ്മിറ്റി ചേരാനും ജോസ് പക്ഷം നിർബന്ധിതമാവുകയാണ്. യു.ഡി.എഫുമായി ഇനി കൂട്ടുവേണ്ടെന്ന നിലപാടിനാണ് ജില്ല കമ്മിറ്റികളിൽ മുൻതൂക്കം. യു.ഡി.എഫ് വിരുദ്ധവികാരം ഇത്രയും ശക്തമായത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
14 ജില്ല കമ്മിറ്റി യോഗങ്ങളും പൂർത്തിയായത് അടുത്ത ദിവസമാണ്. എത്രയും വേഗം മുന്നണി വിഷയത്തിൽ തീരുമാനം വേണമെന്ന പ്രമേയവും ചില ജില്ല കമ്മിറ്റികൾ അവതരിപ്പിച്ചിരുന്നു.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിൽക്കുന്നതാവും ഉചിതമെന്നായിരുന്നു പ്രമുഖ നേതാക്കളുടെ വിലയിരുത്തൽ. തീരുമാനം വൈകരുതെന്ന് ജോസ് കെ. മാണിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടവരും നിരവധിയാണ്. ഇടതുമുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യത്തിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്.
ഒരുവേള ഇതുസംബന്ധിച്ച ചർച്ചകൾ മുറുകിയിരുന്നു. എന്നാൽ, സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സർക്കാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതോടെ ചർച്ച നിലച്ചു. സി.പി.ഐയുടെ പരസ്യ എതിർപ്പും തിരിച്ചടിയായി.
പാർട്ടിയുടെ അവകാശത്തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം വരാനിരിക്കെ അതിനനുസൃതമായി ഭാവി വിഷയത്തിൽ തീരുമാനം എടുക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. തീരുമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ജോസ്പക്ഷത്തിെൻറ പ്രതീക്ഷ.