കടം വരിഞ്ഞുമുറുക്കുന്നു; വൃക്ക വിൽക്കാനൊരുങ്ങി സജി
text_fieldsrepresentative image
ചെർപ്പുളശ്ശേരി: കൈയിലൊതുങ്ങാത്ത കടബാധ്യതയിൽ നീറിക്കഴിയുന്നതിനെക്കാൾ ഭേദം സ്വന്തം വൃക്ക മുറിച്ചുവിറ്റ് സ്വാസ്ഥ്യം നേടലാണെന്നാണ് ആ വയോധികൻ കരുതിയത്. അതിനായി ‘വൃക്ക വിൽക്കാനുണ്ട്’ എന്ന പരസ്യം ആശുപത്രികൾക്ക് സമീപം പതിച്ചു. പരസ്യം കണ്ട് ഫോണിൽ ബന്ധപ്പെട്ടവരോട് കടം വരിഞ്ഞുമുറുക്കുന്ന തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടവർ ഈ സങ്കടക്കഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചെർപ്പുളശ്ശേരി കരുവാനാംകുറുശ്ശി സജിയാണ് വൃക്ക വിൽക്കാനുണ്ടെന്നു കാണിച്ച് പരസ്യം പതിച്ചത്.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികൾക്ക് സമീപമാണ് പോസ്റ്ററുകൾ കണ്ടത്. ഒരാൾ കടമായി നൽകിയ 10 സെന്റിൽ മൂന്നര ലക്ഷം ബാങ്ക് വായ്പയെടുത്ത് ആസ്ബസ്റ്റോസ് കൊണ്ടാണ് സജി വീടുണ്ടാക്കിയത്. ബാങ്ക് വായ്പ പലിശ ചേർന്ന് പെരുകിയതും മറ്റുമായി ആകെ 11 ലക്ഷം കടമുണ്ടെന്ന് സജി പറയുന്നു. പതിറ്റാണ്ടുകൾകൊണ്ട് യാഥാർഥ്യമായ സ്വന്തം വീടെന്ന സ്വപ്നം വിട്ടുനൽകാനാവില്ലെന്നും അതിനാലാണ് വൃക്ക വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരക്കരയിൽനിന്നാണ് സജി പെരിന്തൽമണ്ണയിലേക്ക് താമസം മാറിയത്. 26 വർഷമായി വാടകക്ക് താമസിക്കുകയായിരുന്നു. ഒരു വർഷമായി കരുമാനാംകുറുശ്ശിലാണ് താമസം.
പെയിന്റിങ് തൊഴിലാളിയായ സജിക്ക് ഇപ്പോൾ പണി നന്നേ കുറവാണ്. മൂന്ന് ആൺമക്കളിൽ രണ്ടുപേർ ടൗണിലെ കടകളിൽ ജോലി ചെയ്തിരുന്നെങ്കിലും ആ ജോലികളും നഷ്ടപ്പെട്ടു. ഭാര്യ ജോലിക്കായി പോയിരുന്നെങ്കിലും അസുഖം കാരണം ഇപ്പോൾ പോകുന്നില്ല. ഇതോടെ കുടുംബാംഗങ്ങൾ അറിയാതെ സജി വൃക്ക വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ആസ്ബസ്റ്റോസ് കൊണ്ടുള്ളതാണെങ്കിലും സ്വന്തം കൂരക്ക് കീഴിലെ അന്തിയുറക്കം സജിക്ക് നഷ്ടപ്പെടുത്താനാവില്ല. അതിനാലാണ് വരുംവരായ്കകൾ നോക്കാതെ അവയവം മുറിച്ചുവിൽക്കാൻ അദ്ദേഹം ഒരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

