കോഴിക്കോട്: താലിബാനെതിരായി ഫേസ്ബുക് പോസ്റ്റിട്ട മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ച സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് പോസ്റ്റുചെയ്ത കത്ത് ബുധനാഴ്ചയാണ് നടക്കാവിലെ മുനീറിെൻറ വീട്ടിൽ ലഭിച്ചത്.
മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിനെ തുടർന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് പരിശോധിച്ച പരാതിയിൽ കോടതി അനുമതിയോടെയാണ് കേസെടുത്തത്. എസ്.ഐ കൈലാസ് നാഥിനാണ് അന്വേഷണ ചുമതല. ഭീഷണിക്കത്തിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.
ഫേസ്ബുക് പോസ്റ്റ് ഉടൻ പിൻവലിക്കണമെന്നും മുസ്ലിം വിരുദ്ധതയാണ് മുനീറിെൻറ മുഖമുദ്രയെന്നും 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ തീർപ്പ് കൽപിക്കുമെന്നുമായിരുന്നു ഭീഷണിക്കത്തിലുണ്ടായിരുന്നത്.