നീലേശ്വരം വെടിക്കെട്ട് അപകടം: മരണം അഞ്ചായി
text_fieldsമരിച്ച രജിത്
നീലേശ്വരം (കാസർകോട്): തെരു അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിണാവൂരിലെ രജിത്താണ് (28) മരിച്ചത്.
മുണ്ടോട്ട് കുഞ്ഞിരാമൻ-ഉഷ ദമ്പതികളുടെ മകനാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 9.25നാണ് മരിച്ചത്. കാസർകോട് കെ.എസ്.ഇ.ബിയിൽ താൽക്കാലിക ഡ്രൈവറായി ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: ഗോപിക. ഒരു വയസ്സുള്ള കുഞ്ഞുണ്ട്. സഹോദരൻ: സജിൻ.
അപകടത്തിൽ പൊള്ളലേറ്റ കിണാവൂർ റോഡിലെ സി. സന്ദീപ് (32), കിണാവൂരിലെ രതീഷ് (32), കൊല്ലമ്പാറ മഞ്ഞളംകാട്ടെ കെ. ബിജു (38), തുരുത്തി ഓർക്കളത്തെ ഷിബിൻരാജ് (19) എന്നിവരും ചികിത്സക്കിടെ വിവിധ ദിവസങ്ങളിൽ മരിച്ചിരുന്നു. ഒക്ടോബർ 28ന് രാത്രി 11.30ന് നടന്ന വെടിക്കെട്ടപകടത്തിലാണ് 154 പേർക്ക് പൊള്ളലേറ്റത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

