'പിള്ളേരെ വിട്ട് തീർത്തു കളയും'; അൻവർ സാദത്ത് എം.എൽ.എക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ
text_fieldsകൊച്ചി: ആലുവ എം.എൽ.എ അൻവർ സാദത്തിനെതിരെ സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തയാൾ പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി മേക്കാട് സൊസൈറ്റി പടി സ്വദേശി ജോബി (45) ആണ് ആലുവ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. എം.എൽ.എയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് വഴി വീഡിയോ പ്രചരിപ്പിച്ചതാണ് ഇയാൾക്കെതിരായ നടപടിക്ക് കാരണം. നെടുമ്പാശ്ശേരി, തൊടുപുഴ, ചെങ്ങമനാട്, ആലുവ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി ജോബിയുടെ പേരിൽ ഒട്ടനവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കവർച്ചാ കേസ് പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഒരു കവർച്ച കേസിൽ അറസ്റ്റിലായിരുന്ന ജോബി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. എംഎൽഎയെ "പിള്ളേരെ വിട്ട് തീർത്തു കളയും" എന്ന തരത്തിലാണ് ജോബി വീഡിയോയിലൂടെ ഭീഷണി മുഴക്കിയത്. പ്രാദേശിക കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എ.എസ്.ഐ. സലാവുദീൻ, സീനിയർ സി.പി.ഒ. എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

