വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം: ഭർത്താവിനും ഭർതൃസഹോദരിയുമടക്കം വീട്ടുകാർക്കെതിരെ കേസ്
text_fieldsകൊല്ലം: ചന്തനത്തോപ്പ് സ്വദേശി വിപഞ്ചികയും മകളും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. വിപഞ്ചികയുടെ മാതാവ് ഷൈലജയുടെ പരാതിയിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഭർത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരെയാണ് പ്രതി ചേർത്തത്.
കൊല്ലം കുണ്ടറ ചന്തനത്തോപ്പ് സ്വദേശി വിപഞ്ചികയെയും (33) മകൾ വൈഭവിയെയും (ഒന്നര) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.
കഴിവിന്‍റെ പരമാവധി സ്ത്രീധനം നൽകിയെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് മകളെ നിതീഷും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാവ് പറയുന്നു. വിപഞ്ചിക കെഞ്ചി പറഞ്ഞിട്ടും തന്നെ കാണാൻ നാട്ടിൽ വരാൻ സമ്മതിച്ചില്ല. കുഞ്ഞിനെ നിതീഷ് പരിപാലിച്ചിട്ടില്ല. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ഷൈലജയുടെ ആവശ്യം. കുഞ്ഞിന്‍റെ മൃതദേഹം ഷാർജയിൽ മറവുചെയ്യണമെന്നാണ് നിതീഷിന്‍റെ ആവശ്യമെന്നും അത് അനുവദിക്കരുതെന്നും ഷൈലജ പറയുന്നു. നിതീഷിനെ സ്നേഹിച്ചത് മാത്രമാണ് വിപഞ്ചിക ചെയ്ത തെറ്റ്, അയാൾക്ക് പരമാവധി ശിക്ഷ ലഭിക്കണം -ഷൈലജ പറഞ്ഞു. വിപഞ്ചികയുടെ പിതാവ് മണിയൻ കുവൈത്തിൽ നിയമക്കുരുക്കിൽപെട്ടതിനാൽ നാട്ടിൽ എത്താൻ പറ്റാത്ത അവസ്ഥയിലാണ്.
സംഭവത്തിൽ കൊടിയ പീഡനത്തിന്റെ കഥകളാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. സമൂഹ മാധ്യമത്തിൽ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങൾ എല്ലാവരും അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോൺ കൈക്കലാക്കിയ നിതീഷും നീതുവും ചേർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ, അതിന് മുൻപു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരൻ വിനോദിന്റെ ഭാര്യ സഹോദരിയും ആത്മഹത്യാകുറിപ്പ് ഡൗൺലോഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

