കോഴിക്കോട്: കോവിഡ് വാക്സിനെടുത്തതിനുപിന്നാലെ മെഡിക്കൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തിൽ മോഹനെൻറ മകൾ മിത മോഹൻ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരിയാരം മെഡിക്കൽ കോളജിൽനിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊലീസിന് പരാതി നൽകിയത്. വാക്സിെൻറ പ്രത്യാഘാതങ്ങളെ ആശുപത്രി അധികൃതർ അവഗണിച്ചതാണ് മരണത്തിലേക്കു നയിച്ചത് എന്നാണ് മെഡിക്കൽ കോളജ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പരിയാരം മെഡിക്കൽ കോളജിലെ അവസാനവർഷ ബി.ഡി.എസ് വിദ്യാർഥിനിയായ നിതക്ക് വാക്സിനെടുത്തശേഷം തലവേദനയും ഛർദിയും തുടങ്ങുകയായിരുന്നു. എന്നാൽ, ഇത് ഗൗരവത്തിലെടുക്കാതെ പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നുവത്രെ.
രോഗം മാറാതെ വന്നതോടെ പിന്നീട് പരിശോധിച്ചപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയും ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. നിതയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. ഒപ്പമുണ്ടായിരുന്ന സഹോദരി മികച്ച ചികിത്സ വേണമെന്ന് അറിയിച്ചതോെട കുടുംബം ആംബുലൻസിൽ കോഴിക്കോട്ടെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാൽ മാതാവിനൊപ്പംപോലും മകളെ വിട്ടയക്കാൻ ആശുപത്രി അധികൃതർ വിസമ്മതിക്കുകയായിരുന്നു.
കോഴിക്കോട്ടെത്തിച്ചപ്പോഴേക്കും പ്ലേറ്റ്ലെറ്റ് കൗണ്ട് 19000 ആയി കുറയുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇതാണ് മരണത്തിനിടയാക്കിയത്. വാക്സിനുശേഷമുണ്ടായ ആരോഗ്യപ്രശ്നത്തെ പരിയാരം മെഡിക്കൽകോളജ് അധികൃതർ ജാഗ്രതയോെട കണ്ടിരുന്നുെവങ്കിൽ മകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നാണ് പിതാവ് മോഹനൻ പറയുന്നത്. ചികിത്സയിലോ പരിചരണത്തിലോ വീഴ്ചയുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.