വി. പ്രതാപചന്ദ്രന്റെ മരണം: മക്കളുടെ പരാതിയിൽ നിയമോപദേശം തേടി
text_fieldsകൊച്ചി: കെ.പി.സി.സി ട്രഷറര്‍ ആയിരുന്ന അഡ്വക്കറ്റ് വി. പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയിൽ പൊലീസ് നിയമോപദേശം തേടി. മക്കളായ പ്രജിത്, പ്രീതി എന്നിവർ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയത്.
കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ച് കുടുംബം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കൈമാറിയിട്ടുണ്ട്.
കെ.പി.സി.സി ഫണ്ടില്‍ തിരിമറിയും വെട്ടിപ്പും നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാര്‍ത്ത അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണ് മക്കളുടെ പരാതി. ഇതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചത്. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശന്‍ എന്നിവക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതാപചന്ദ്രന്‍ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായും മക്കളുടെ പരാതിയിലുണ്ട്.
ഇക്കാര്യം കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചിരുന്നതായും ഡി.ജി.പിക്ക് നല്‍കിയ പരാതിയിൽ പറയുന്നു. ഇത്തരമൊരു പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊലീസ് മേധാവി നിയമോപദേശം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

