ആദിവാസി സ്ത്രീയുടെ മരണം: കാട്ടാന ആക്രമണത്തിലല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ദുരൂഹത
text_fieldsപീരുമേട്: തോട്ടാപ്പുരയിൽ വനത്തിനുള്ളിൽ ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. മരണം കാട്ടാനയുടെ ആക്രമണം മൂലമല്ലെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. സംഭവം നടന്ന സ്ഥലത്ത് ആനയുടെ സാന്നിധ്യമില്ലെന്ന് വനം വകുപ്പും പറയുന്നു. എന്നാൽ, മരണം ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് തന്നെയാണെന്ന് കുടുംബാംഗങ്ങളും ആവർത്തിക്കുന്നു. പീരുമേട് തോട്ടാപ്പുരഭാഗത്ത് താമസിക്കുന്ന സീതയാണ് (50) വെള്ളിയാഴ്ച വനത്തിൽ കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് മരിച്ചതായി ഭർത്താവ് ബിനു പൊലീസിനോട് പറഞ്ഞത്.
എന്നാൽ, സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് ശനിയാഴ്ച പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ശരീരമാസകലം ഗുരുതര പരിക്ക്, തല കട്ടിയുള്ള പ്രതലത്തിൽ ഇടിച്ചതിന്റെ ലക്ഷണങ്ങൾ, തലയുടെ ഇടതുവശത്ത് ക്ഷതമേറ്റ പാടുകൾ, താഴേക്ക് വീണതിന്റെ പരിക്ക് എന്നിവയും ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഇടതുവശത്തെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറി. വലതുവശത്തെ ആറ് വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. നാഭിയിൽ തൊഴിയേറ്റതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവം നടന്ന സ്ഥലത്ത് ആനയുടെ സാന്നിധ്യം ഇല്ലെന്ന് വനം വകുപ്പ് പരിശോധനയിൽ കണ്ടെത്തിയതായി കോട്ടയം ഡി.എഫ്.ഒ. എൻ.രാജേഷ് പറഞ്ഞു. ആന തന്നെയും ആക്രമിച്ചെന്ന് ഭർത്താവ് പറഞ്ഞെങ്കിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാര്യമായ പരിക്കുകൾ കണ്ടെത്തിയിട്ടില്ല. മരിച്ച സീതയുടെ ശരീരത്തിൽ ആനയുടെ ആക്രമണ രീതിയിലുള്ള പരിക്കുകളുമായി സാമ്യത കണ്ടെത്താനായില്ലെന്നും ഡി.എഫ്.ഒ പറഞ്ഞു. സംഭവത്തിൽ തിങ്കളാഴ്ച വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകുമെന്ന് ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണൻ അറിയിച്ചു. പ്രാഥമിക വിവരങ്ങൾ സർജനിൽ നിന്ന് പൊലീസ് ശേഖരിച്ചു. ഞായാറാഴ്ച സംഭവ സ്ഥലം സന്ദർശിക്കും.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തോട്ടാപ്പുരയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വനം വകുപ്പിലെ താൽക്കാലിക വാച്ചറായ ബിനുവിന് ആക്രമണം നടന്ന മേഖല ഉൾപ്പെടെ വ്യക്തമായ സ്ഥല പരിചയം ഉണ്ടെന്ന് വനം വകുപ്പ് ഉദ്യേഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

