സിദ്ധാർഥന്റെ മരണം; പാർട്ടിയെ ചോദ്യംചെയ്തത് അനിഷ്ടത്തിനിടയാക്കി
text_fieldsവൈത്തിരി: പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ പാർട്ടിപ്രവർത്തനങ്ങളിൽ പങ്കെടുക്കാത്തതും സംഘടനയുടെ തെറ്റായ പ്രവണതകളെ ചോദ്യംചെയ്തതുമാണ് നേതാക്കളുടെ അനിഷ്ടത്തിന് ഇടയാക്കിയതെന്ന് സൂചന. കോളജ് അധികൃതർ സിദ്ധാർഥന്റെ കഴിവുകൾ മുൻനിർത്തി യൂനിവേഴ്സിറ്റി ഔദ്യോഗിക ഫോട്ടോഗ്രാഫർ തസ്തിക നൽകുകയും ക്ലാസ് റെപ്രസെന്റിറ്റിവ് ആക്കുകയും ചെയ്തിരുന്നു.
ഇതിൽ പലർക്കും സിദ്ധാർഥനോട് നീരസമുണ്ടായിരുന്നു. വാലന്റൈൻസ് ദിനത്തിലുണ്ടായ സംഭവം പർവതീകരിച്ചാണ് സിദ്ധാർഥനെതിരെ എല്ലാ ക്രൂരതയും പുറത്തെടുത്തു കൊല്ലാക്കൊല ചെയ്തതും മരണത്തിൽ എത്തിച്ചതും.
സിദ്ധാർഥൻ മരിച്ച ദിവസം ഡീനും ചില അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രഹസ്യയോഗം ചേർന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് യോഗം ചേർന്നതെന്ന് വ്യക്തമായിട്ടില്ല. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുപറയരുതെന്ന് എല്ലാവർക്കും നിർദേശമുണ്ടായതായും പറയപ്പെടുന്നു.
പുറത്തുപറഞ്ഞാൽ തലയെടുക്കുമെന്നുവരെ പ്രതിപ്പട്ടികയിലുള്ള എസ്.എഫ്.ഐ നേതാവ് പരസ്യമായി പറഞ്ഞതായും ആരോപണമുണ്ട്. കോളജിലെ സി.സി.ടി.വി പരിശോധിക്കാൻ പൊലീസ് തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയത്തിൽ അധ്യാപകരെ ചോദ്യം ചെയ്തിട്ടില്ല.
രഹസ്യമൊഴിയെടുത്താലേ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സത്യം പുറത്തുവരുകയുള്ളൂവെന്നാണ് രാഷ്ട്രീയ സംഘടനകളടക്കം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

