ഷെബിനയുടെ മരണം; പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു
text_fieldsഷെബിന
നാദാപുരം: ഷെബിനയുടെ ആത്മഹത്യക്ക് കാരണക്കാരായ ബന്ധുക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആരോപണവിധേയനായ മാതൃസഹോദരനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ ഇയാൾക്കു പുറമെ വീട്ടിലെ മറ്റു ബന്ധുക്കളെ കുറിച്ചും വ്യക്തമായ സൂചന നൽകുന്നുണ്ട്. എന്നാൽ, ഇവരെപ്പറ്റി അന്വേഷിക്കാനോ നടപടി എടുക്കാനോ പൊലീസ് തയാറാകുന്നില്ലെന്ന് ഷെബിനയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവദിവസം ഷെബിന തന്നെ ചിത്രീകരിച്ച വിഡിയോയിലുള്ള വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരവധി പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം ഉൾപ്പെടുത്തി പൊലീസിന് വ്യക്തമായ മൊഴികൾ ഷെബിനയുടെ വീട്ടുകാർ നൽകിയിരുന്നു. സംഭവസമയത്ത് എല്ലാറ്റിനും ദൃക്സാക്ഷിയായ മകളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. പൊലീസ് നടപടിയിൽ അരൂർ കേന്ദ്രീകരിച്ച് രൂപവത്കരിച്ച കർമസമിതി ഭാരവാഹികളും അതൃപ്തിയിലാണ്. പുറമേരി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾക്കൊള്ളുന്ന കർമസമിതിയിൽ മേഖലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗങ്ങളാണ്.
എന്നാൽ, ഉന്നത രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള കുന്നുമ്മക്കരയിലെ ഭർതൃ കുടുംബം കേസ് തേച്ചുമായ്ക്കാനുള്ള ഗൂഢശ്രമത്തിലാണെന്ന ആരോപണത്തിന് ബലമേകുന്നതാണ് പൊലീസിന്റെ സമീപനം. പ്രതികളെ കുറിച്ച് കൃത്യമായ തെളിവുകൾ നൽകിയിട്ടും ആരോപണവിധേയരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നാണ് കേസന്വേഷണ ചുമതലയുള്ള വടകര ഡിവൈ.എസ്.പി അടക്കമുള്ളവർ പറയുന്നത്. അതിനിടെ, ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ കർമസമിതിയുടെ യോഗം ഇന്നലെ രാത്രി അരൂരിൽ ചേർന്നു.
അന്വേഷണം ഊർജിതമാക്കണം -കെ.കെ. രമ എം.എൽ.എ
വടകര: ഭർതൃവീട്ടിൽ ഷെബിന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാരെ പ്രതിചേർത്ത് അന്വേഷണം ഊർജിതമാക്കണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യം റൂറൽ എസ്.പിയുമായി സംസാരിച്ചതായും എം.എൽ.എ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങളും മകളുടെയും ബന്ധുക്കളുടെയും മൊഴികളും ഭർതൃവീട്ടുകാരുടെ പങ്ക് തെളിയിക്കുന്നതാണ്. സി.സി.ടി.വി ദൃശ്യത്തിൽ യുവതിയെ മർദിക്കുന്ന അമ്മാവനെ മാത്രം പ്രതിയാക്കി കേസൊതുക്കാനുള്ള ശ്രമമാണെങ്കിൽ അനുവദിക്കാനാവില്ല. ഇത്രയേറെ തെളിവുകൾ വന്നിട്ടും വീട്ടുകാരെ ചോദ്യം ചെയ്യാൻ പോലും തയാറാകാത്ത പൊലീസ് നടപടി അപലപനീയമാണ്. ഇക്കാര്യത്തിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണത്തിനായി എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കർമസമിതി ജില്ല പൊലീസ് മേധാവിയെ കണ്ടു
നാദാപുരം: ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ െഷബിനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർമസമിതി ഭാരവാഹികൾ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിനെയും നേരിൽ കണ്ടു. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽപോയവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കണം. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.
സി.സി ടി.വി ദൃശ്യങ്ങളും ഷബ്ന ഫോണിൽ പകർത്തിയ ദൃശ്യങ്ങളും ഇതിന് തെളിവാണ്. കേസിൽ ഒരാളെ മാത്രമാണ് നിലവിൽ അറസ്റ്റുചെയ്തത്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി സ്വീകരിക്കണം. അരൂരിലും കുന്നുമ്മക്കരയിലും സംഭവവുമായി ബന്ധപ്പെട്ട് കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. എത്രയുംവേഗം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ജില്ല പൊലീസ് മേധാവി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പുനൽകി. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയോടൊപ്പം കർമസമിതി ഭാരവാഹികളായ ടി.പി. ബിനീഷ്, അഡ്വ. ജ്യോതി ലക്ഷ്മി, കെ.പി. ബാലൻ, സി.പി. നിധീഷ്, എം.എ. ഗഫൂർ, പി. വി. അഷറഫ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

