‘വാക്‌സിന്‍ എടുത്തിട്ടും ഏഴുവയസുകാരി മരിച്ചത് അതീവ ഗൗരവതരം; ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്ന സംഭവം’
text_fieldsതിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസുകാരി കൊല്ലം കുന്നിക്കോട് സ്വദേശിനി നിയാ ഫൈസല്‍ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യ സംഭവമല്ല ഇന്നുണ്ടായത്. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കും നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
“ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത്. ഏപ്രില്‍ ഒമ്പതിന് പത്തനംതിട്ട പുല്ലാട് സ്വദേശിയായ പതിമൂന്ന് വയസുകാരിയും വാക്‌സിന്‍ എടുത്ത ശേഷമാണ് പേവിഷബാധയേറ്റ് മരിച്ചത്. ഏപ്രില്‍ 29ന് മലപ്പുറം സ്വദേശിയായ ആറു വയസുകാരനും ഇതേ രീതിയിലാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരില്‍ 20 പേര്‍ക്കാണ് വാക്സിനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും വാക്‌സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നത്. ഇതേ സര്‍ക്കാരും ആരോഗ്യ വകുപ്പുമാണ് ഗുണനിലവാര പരിശോധന നടത്താത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്‌തെന്ന് അടുത്തിടെ സി.എ.ജി കണ്ടെത്തിയത്.
ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളും പിന്നാക്കം പോയി. 2024ല്‍ തെരുവ് നായകളുടെ കടിയേറ്റ് 3,16,793 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രിയില്‍ പോയവരുടെ കണക്ക് കൂടി പുറത്ത് വന്നാല്‍ എണ്ണം ഇരട്ടിയിലധികമാകും. വിഷയം പ്രതിപക്ഷം നിയമസഭയില്‍ നിരവധി തവണ ഉന്നയിച്ചിട്ടും ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. പേ വിഷബാധ നിയന്ത്രിക്കാന്‍ മള്‍ട്ടി ഡിസിപ്ലിനറി രോഗ നിയന്ത്രണ സംവിധാനം നടപ്പിലാക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ കുത്തഴിഞ്ഞ അവസ്ഥയിലേക്കാണ് സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കൂപ്പു കുത്തിയിരിക്കുന്നത്. തിരുത്താന്‍ ആകാത്ത തകര്‍ച്ചയിലേക്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. പിഞ്ചു കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നത് സര്‍ക്കാര്‍ ഓര്‍ക്കണം” -വി.ഡി. സതീശൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.