തൊടുപുഴയിലെ ഏഴുവയസ്സുകാരെൻറ മരണം: പിതാവിെൻറ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
text_fieldsതൊടുപുഴ: തൊടുപുഴയിൽ മാതാവിെൻറ സുഹൃത്തിെൻറ മർദനമേറ്റ് മരിച്ച ഏഴുവയസ്സുകാരെൻറ പിതാവിെൻറ മൃതദേഹം രണ്ടുവർഷത്തിനുശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.
തിരുവനന്തപുരം മണക്കാട് വിനു മന്ദിരത്തിൽ ബിജുവിെൻറ മൃതദേഹമാണ് കോടതിയുടെ അനുമതിയോടെ വെള്ളിയാഴ്ച ഇടുക്കി ക്രൈംബ്രാഞ്ച് സി.ഐ വി.എ. യൂനുസിെൻറ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെത്തി കുഴിമാടം തുറന്ന് പരിശോധിച്ചത്.
മകെൻറ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജുവിെൻറ പിതാവ് എം.ഡി. ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2018 മേയ് 23നായിരുന്നു ബിജുവിെൻറ മരണം. തൊടുപുഴക്ക് സമീപം കരിമണ്ണൂരിലെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം മൃതദേഹം നെയ്യാറ്റിൻകരയിലെത്തിച്ച് സംസ്കരിച്ചു. പിന്നീട് ബിജുവിെൻറ ഭാര്യ രണ്ട് മക്കളുമൊത്ത് ബന്ധു കൂടിയായ അരുൺ ആനന്ദിനൊപ്പം താമസമാരംഭിക്കുകയായിരുന്നു. മരിക്കുന്നതിനുമുമ്പ് ബിജു പാൽ കുടിച്ചതായും തുടർന്ന് അവശനിലയിലായപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുംവഴിയാണ് മരിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ബിജുവിെൻറ മരണശേഷം ഭാര്യയും രണ്ട് കുട്ടികളും അരുണിനൊപ്പം കുമാരമംഗലത്തെ വാടകവീട്ടിലായിരുന്നു താമസം. അനിയനെ മൂത്രമൊഴിപ്പിച്ച് കിടത്താത്തതിെൻറ പേരിൽ രണ്ടുവര്ഷം മുമ്പാണ് അരുൺ ഏഴുവയസ്സുകാരനെ ക്രൂരമർദനങ്ങൾക്കിരയാക്കിയിരുന്നത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന് കുട്ടിയുടെ മാതാവിനെയും പ്രതിചേർത്തിട്ടുണ്ടെങ്കിലും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ അരുൺ ആനന്ദ് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്.
കൊലപാതകത്തിനുപുറമെ പ്രത്യേക പോക്സോ കേസും അരുൺ ആനന്ദിന് എതിരെയുണ്ട്. ഇടുക്കി ക്രൈംബ്രാഞ്ച് സി.ഐക്ക് പുറമെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, നെയ്യാറ്റിൻകര തഹസിൽദാർ വിജയൻ, മെഡിക്കൽ കോളജ് ഫോറൻസിക് ഓഫിസർ ഡോ. ശശികല, നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരൻ നായർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.