നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ആരോഗ്യ സർവകലാശാല സംഘം തെളിവെടുത്തു
text_fieldsപത്തനംതിട്ട: ചുട്ടിപ്പാറ നഴ്സിംഗ് കോളജിലെ വിദ്യാർഥിനി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ. സജീവ് (22) ഹോസ്റ്റലിന്റെ മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ആരോഗ്യ സർവകലാശാലയിൽ നിന്നുള്ള സംഘം അന്വേഷണം തുടങ്ങി. നാലു ഉദ്യോഗസ്ഥരടങ്ങിയ സംഘം ചൊവ്വാഴ്ച കോളജിലെത്തി തെളിവെടുത്തു. മന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് പൊലീസ് അന്വേഷണം കൂടാതെ വകുപ്പുതല അന്വേഷണം. അമ്മുവിന്റെ ക്ലാസ് മുറിയും ഹോസ്റ്റലും സംഘം സന്ദർശിച്ചു.
അമ്മുവിന്റെ പിതാവ് സജീവ് രണ്ടാഴ്ച മുമ്പ് നൽകിയിരുന്ന പരാതിയിൽ കോളജ് സ്വീകരിച്ച നടപടികളുടെ രേഖകൾ പ്രിൻസിപ്പൽ സംഘത്തിന് കൈമാറി. അധ്യാപകരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. സഹപാഠികളായ കുട്ടികളിൽനിന്ന് അമ്മുവിനുണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇരുകൂട്ടരെയും വിളിച്ച് അധ്യാപകരുടെ സാന്നിധ്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചതായാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുന്ന പത്തനംതിട്ട പൊലീസ് ചൊവ്വാഴ്ച ആരോപണ വിധേയരായ മൂന്ന് പെൺകുട്ടികളുടെ മൊഴിയെടുത്തു.

