നിദ ഫാത്തിമയുടെ മരണം: നൊമ്പരമായി പിതാവിന്റെ കുറിപ്പ്
text_fieldsനിദ ഫാത്തിമ
അമ്പലപ്പുഴ: മകളുടെ മരണകാരണം അറിയാനുള്ള കാത്തിരിപ്പ് അനന്തമായി നീളുന്നതിന്റെ നൊമ്പരം പങ്കുവെച്ച് പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ സൈക്കിൾ പോളോമത്സരത്തിനിടെ മരണപ്പെട്ട നിദ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുപോലും ഇതുവരെ ലഭിച്ചില്ലെന്ന് പിതാവ് ശിഹാബുദ്ദീൻ പറയുന്നു.
ഡിസംബര്‍ 22നാണ് നാഗ്പുരിലെ ശ്രീകൃഷ്ണ ആശുപത്രിയില്‍ അമ്പലപ്പുഴ വടക്ക് ഏഴരപീടികയില് സുഹറ മന്‍സിലില്‍ ശിഹാബുദ്ദീന്റെ മകള്‍ നിദ ഫാത്തിമ മരിച്ചത്. ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കാൻ പരിശീലകരും മറ്റ് കളിക്കാരോടും ഒപ്പമാണ് നിദ നാഗ്പുരില്‍ എത്തുന്നത്.
22ന് രാവിലെ വയറുവേദനയും തുടര്‍ന്നുണ്ടായ ഛർദിയും കാരണമാണ് നിദയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെവെച്ച് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായ നിദയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നായിരുന്നു മരണം.
നാഗ്പുരിലെ മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍, മൂന്ന് മാസം പിന്നിട്ടിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. മകളുടെ മരണത്തിനുശേഷം മാതാവ് അന്‍സില ഇനിയും സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാനാകാതെ ശിഹാബുദ്ദീനും വീട്ടില്‍തന്നെയാണ്.
നീതിക്കുവേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകളില്ല. ഒരു അസുഖവും ഇല്ലാതെ സന്തോഷത്തോടെ യാത്ര പുറപ്പെട്ട മകൾ മരിക്കാനുള്ള കാരണം അറിയാൻ മനസ്സ് വെമ്പൽകൊള്ളുകയാണെന്നും അതിനായി എവിടെ പോകണമെന്ന് അറിയില്ലെന്നും പറയുന്ന അദ്ദേഹം തങ്ങൾക്ക് നീതി ലഭിക്കാൻ എല്ലാവരുടെയും പിന്തുണയും തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

