മിഹിറിന്റെ മരണം: ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു
text_fieldsമിഹിർ അഹമ്മദ്
തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. സ്കൂൾ പ്രിൻസിപ്പലിനെയടക്കം ചോദ്യം ചെയ്തതിനു ശേഷമാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയത്. ഈ റിപ്പോർട്ട് ഉടനെ കോടതിയിൽ സമർപ്പിക്കും. സ്കൂൾ അധികൃതരെയടക്കം വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും.
ജനുവരി 15നാണ് തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. വൈകിട്ട് സ്കൂളിൽ നിന്നെത്തിയ ശേഷം 3.50ഓടെ മിഹിർ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളിൽ നിന്നും മിഹിർ കഠിനമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയനായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്നതടക്കമുള്ള പീഡനം അനുഭവിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും കുടുംബം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

