ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: യുവതിയുടെ ഫോൺ പാസ്വേഡ് അന്വേഷണ സംഘത്തിന് സുകാന്ത് കൈമാറി, ലഭിച്ചത് നിർണായക വിവരങ്ങൾ
text_fieldsതിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തിൽ മുഖ്യപ്രത്രിയായ സുകാന്തിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം വ്യാഴാഴ്ച വൈകീട്ടോടെ സുകാന്തിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. പ്രതി സുകാന്തിൽ നിന്ന് ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോണിന്‍റെ പാസ്വേഡ് ലഭിച്ചു. ഇത് തുടരന്വേഷണത്തിൽ സഹായകമാകും. തെളിവെടുപ്പിന്റെ അവസാനഘട്ടമായ ഇന്നലെ ടെലഗ്രാം ചാറ്റടക്കമുള്ള നിർണായക വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇരുവരും തമ്മിലുള്ള ചാറ്റിങ് വിവരങ്ങൾ സുകാന്തിനെ കാണിച്ചുകൊണ്ടുള്ള വിവരശേഖരണവും ചോദ്യംചെയ്യലുമായിരുന്നു നടന്നത്. ഇതിനിടെയാണ് ആത്മഹത്യചെയ്ത യുവതിയുടെ ഫോണിന്‍റെ പാസ്വേഡ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുകാന്ത് തന്നെയാണ് ഇത് കൈമാറിയത്.
ചോദ്യം ചെയ്യലിനിടെ, പാസ്വേഡ് അറിയാമെന്ന് സുകാന്ത് സമ്മതിക്കുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ പരസ്പരം എന്തെല്ലാം സംസാരിച്ചു, മരണത്തിനിടയാക്കിയ പ്രകോപനമെന്ത് എന്നതടക്കമുള്ള വിവരങ്ങൾ ഫോണിന്‍റെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സാഹചര്യമെന്താണെന്നറിയില്ലെന്ന് പ്രതി സുകാന്ത് സുരേഷ് പൊലീസിനോട് പറഞ്ഞു. യുവതി ആത്മഹത്യചെയ്ത ദിവസവും തമ്മില്‍ വഴക്കിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇടക്കിടെ യുവതിയുമായി വഴക്കിടാറുണ്ടെങ്കിലും വീണ്ടും സൗഹൃദത്തിലാകാറുമുണ്ടായിരുന്നെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞു. കസ്റ്റഡിയില്‍ ലഭിച്ച സുകാന്തുമായി പേട്ട പൊലീസ് ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് യുവതി താമസിച്ചിരുന്ന ഫ്ലാറ്റിലും ചില ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. ജോധ്പുരിലെ ഐ.ബി ട്രെയിനിങ് ക്യാമ്പില്‍വെച്ചാണ് യുവതിയെ പരിചയപ്പെട്ടതും അടുപ്പമായതുമെന്നാണ് സുകാന്ത് പറയുന്നത്.
പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം മൂഴിയാലില്‍ സുകാന്ത് താമസിച്ചിരുന്ന വാടകവീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥ സുകാന്തിനോടൊപ്പം നെടുമ്പാശ്ശേരിയിലെ വാടകവീട്ടിലെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിക്ക് അപേക്ഷിക്കുമെന്നും പേട്ട പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിനിയായ ഐ.ബി ഉദ്യോഗസ്ഥ മാര്‍ച്ച് 24നാണ് ചാക്ക റെയില്‍വേ മേല്‍പാലത്തിനു സമീപം ട്രെയിന്‍തട്ടി മരിച്ചത്. ഇതിനു മുമ്പ് യുവതി അവസാനമായി ഫോണ്‍ചെയ്തത് സുകാന്തിനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

