പുത്തൂരിലെ മാനുകളുടെ മരണം: അന്വേഷണത്തിന് ഉത്തരവ്
text_fieldsപുത്തൂർ സുവോളജിക്കൽ പാർക്ക്
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കൾ കടന്നുകയറി പത്തു മാനുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സൂ അതോറിറ്റി. അടിയന്തര അന്വേഷണത്തിന് നിർദേശം നൽകിയ അതോറിറ്റി, മൂന്നു ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നിർദേശം നൽകിയത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് കേന്ദ്ര സൂ അതോറിറ്റിക്കു നൽകിയ പരാതിയിലാണ് നടപടി.
ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിൽ ഉന്നയിച്ച വിഷയങ്ങളും മാനുകളുടെ മരണവും ഉൾപ്പെടെ വിശദമായി അന്വേഷിക്കണം. വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശിപാർശകളും തെളിവുകളും അടക്കം വിവരങ്ങളും സമർപ്പിക്കണം. ഈ റിപ്പോർട്ട് അനുസരിച്ച് കേന്ദ്ര സൂ അതോറിറ്റി തുടർനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
പുത്തൂർ പാർക്കിൽ മാനുകൾ ചത്ത സംഭവം, സുരക്ഷ ഓഡിറ്റ് നടത്താത്തത്, കേന്ദ്ര സൂ അതോറിറ്റിയുടെ താൽക്കാലിക പെർമിറ്റ് നൽകിയ സമയത്തെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കൽ തുടങ്ങിയ വിഷയങ്ങളാണ് അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ പരാതിയിലുള്ളത്. അതിനിടെ, മാനുകളെ നടപടിക്രമങ്ങൾ പാലിക്കാതെ സംസ്കരിച്ച നടപടിയിൽ ഡെപ്യൂട്ടി രജിസ്ട്രാർക്ക് തൃശൂർ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

