കുഴൽമന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരുടെ മരണം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു
text_fieldsപാലക്കാട്: കുഴൽമന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഔസേപ്പ് ജോലിയിൽ തുടർന്നാൽ കൂടുതൽ മനുഷ്യ ജീവൻ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ കാവശ്ശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവർ മരിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവർ മനപൂർവം അപകടമുണ്ടാക്കിയെന്ന് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യക്ക് കേസെടുത്തിരുന്നു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾ മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഡ്രൈവർ ബസ് വലത്തോട്ട് വെട്ടിച്ചുവെന്നാണ് കുറ്റപത്രത്തിലുള്ളത്. തുടർന്ന് ഡ്രൈവറെ കെ.എസ്.ആര്‍.ടി.സി സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ പുറത്താക്കി തീരുമാനം വന്നത്.
ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്‍റെ ഡാഷ് ബോര്‍ഡിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കെഎസ്ആര്‍ടിസി ബസിന്‍റെ പങ്ക് വ്യക്തമായത്. റോഡിന്‍റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

