അനസ്തേഷ്യയിലിരിക്കെ ഒന്നര വയസ്സുകാരന്റെ മരണം: ഡോക്ടർ മുൻകൂർ ജാമ്യം തേടി
text_fieldsതലശ്ശേരി: പയ്യന്നൂർ എരമത്തെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനിടയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പയ്യന്നൂർ ഏഴോം കൊട്ടില നരിക്കോട്ടെ കൊയിലേരിയൻ വീട്ടിൽ ഡോ. അഞ്ജലി പൊതുവാളാണ് (49) മുൻകൂർ ജാമ്യം തേടി കോടതിയിലെത്തിയത്. ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂലൈ 21ന് കോടതി വാദം കേൾക്കും. പൊലീസ് റിപ്പോർട്ടും അന്ന് പരിഗണിക്കും.
ജൂലൈ അഞ്ചിന് രാവിലെ 9.40നായിരുന്നു ഒരുവയസും അഞ്ചുമാസവും പ്രായമുള്ള ദേവാന്‍ഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റത്. തുടർന്ന് ബേബി മെമോറിയല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുറിവ് സ്റ്റിച്ചിടണമെന്ന് പറഞ്ഞ് ഇതിനായി അനസ്തേഷ്യ നല്‍കിയതായിരുന്നു. പിന്നീട് കുട്ടി ബോധാവസ്ഥയിലായതോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന ദേവാൻഷ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
അനസ്തേഷ്യ നല്‍കിയ ഡോക്ടറുടെ അശ്രദ്ധയാണ് കുട്ടി അബോധാവസ്ഥയിലാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധു എരമം കുതിരുമ്മല്‍ വീട്ടില്‍ കെ. രാജീവന്‍ നല്‍കിയ പരാതിയിൽ അനസ്തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് കുട്ടിയുടെ മരണം. എന്നാൽ, കുട്ടി അബോധാവസ്ഥയിലാകാൻ കാരണം ചികിത്സാപിഴവാണെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

