Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരണമുഖത്തുനിന്നും...

മരണമുഖത്തുനിന്നും തിരിച്ചുവന്നു, കൂടെയുള്ളവനെ നഷ്ടപ്പെട്ട വേദനയിൽ കുഞ്ചു

text_fields
bookmark_border
മരണമുഖത്തുനിന്നും തിരിച്ചുവന്നു, കൂടെയുള്ളവനെ നഷ്ടപ്പെട്ട വേദനയിൽ കുഞ്ചു
cancel
camera_alt

കുഞ്ചു ആശുപത്രിയിൽ

കള്ളാടി (വയനാട്): മീനാക്ഷി മലയിടിഞ്ഞ് ഭീമൻ കല്ലും മണ്ണും മരങ്ങളും ആർത്തലച്ചുവരുമ്പോൾ അതിലേക്ക് ഓടിയടുത്ത ഇദ്ദേഹത്തെ മറക്കാനാകുമോ. സഹപ്രവർത്തകനെ രക്ഷിക്കാനായി മരണമുഖത്തേക്ക് ഓടിയടുത്ത ആ ഹീറോയുടെ പേരാണ് ടി.കെ. കുഞ്ചു. പക്ഷേ, കുത്തിയൊലിച്ച ഭീമൻ മൺകൂമ്പാരങ്ങളിൽ നിന്ന് സുഹൃത്തായ ബിക്രം റാണയെ രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന നോവാണ് ആശുപത്രിക്കിടക്കയിലും ഇദ്ദേഹത്തിന്. മീനാക്ഷി പാലത്തിന് തൊട്ടടുത്ത ‘ഗ്രിലെക്സ്’ കടയിലെ സി.സി.ടി.വി ദൃശ്യത്തിൽനിന്നാണ് കഴിഞ്ഞ ചെവ്വാഴ്ചയുണ്ടായ കള്ളാടി ദുരന്തത്തിന്റെ രൗദ്രഭാവം ലോകമറിയുന്നത്.

ബിക്രം റാണയെ രക്ഷിക്കാനായി ദുരന്തമുഖത്തേക്ക് ഓടുന്ന കുഞ്ചു (സി.സി. ടി.വി ദൃശ്യം)

അന്ന് രാവിലെ 11.15നാണ് ദുരന്തമുണ്ടാകുന്നത്. ഇതിന് അഞ്ചുമിനിറ്റ് മുമ്പ് മുതലുള്ള ഈ ദൃശ്യത്തിൽ കടയുടെ മുന്നിൽ ആളുകൾ നിൽക്കുന്നത് കാണാം. ഭീകരശബ്ദം കേട്ട് കടക്കുള്ളിൽ നിന്ന് നീലക്കോട്ടിട്ട കുഞ്ചു പുറത്തിറങ്ങുന്നുണ്ട്. മലയിടിയുന്നത് കണ്ട് എല്ലാവരും സുരക്ഷിതസ്ഥലത്തേക്ക് രക്ഷപ്പെടുമ്പോൾ അയാൾ മാത്രം ദുരന്തമുഖത്തേക്കാണ് ഓടിയത്. തുരങ്കനിർമാണ കരാർ എടുത്ത ദിലീപ് കമ്പനിയുടെ സേഫ്റ്റി എൻജിനീയറായ എറണാകുളം സ്വദേശി കുഞ്ചുവും ബിക്രം റാണയും ചൊവ്വാഴ്ച ദുരന്തത്തിന് തൊട്ടുമുമ്പേയാണ് ഈ കടയിൽ നിന്ന് ഒരുമിച്ച് ചായ കുടിച്ചത്.

ശേഷം ബിക്രം റാണ പുറത്തിറങ്ങി കള്ളാടി പാലത്തിലൂടെ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തേക്ക് നടന്നുപോയി. കടയിൽ തന്നെ ഇരുന്ന കുഞ്ചു മലവെള്ളപ്പാച്ചിലിന്റെ ഭീകരശബ്ദം കേട്ടാണ് പുറത്തിറങ്ങിനോക്കിയത്. തൊട്ടുമുന്നേ ഒപ്പമുണ്ടായിരുന്ന ബിക്രമിനെ രക്ഷിക്കാനായി മണ്ണും കല്ലും വാഹനങ്ങളുമൊക്കെ കുത്തിയൊലിച്ചു വരുന്നതിന്റെ നേർക്ക് ഒറ്റപ്പാച്ചിലായിരുന്നു കുഞ്ചു. ശരവേഗത്തിലോടി പാലത്തിന്റെ പകുതിയെത്തിയപ്പോഴേക്കും ഇരച്ചെത്തിയ മണ്ണും വെള്ളവും അയാളെ ദൂരേക്ക് തെറിപ്പിച്ചിരുന്നു. ഒഴുകിയെത്തിയ ടാങ്കർ ലോറിക്കടിയിൽ കുഞ്ചുവും പെടുമായിരുന്നു.

എങ്ങിനെയോ മണ്ണിൽ പുതഞ്ഞ് വൈദ്യുതി തൂണിനോട് ചേർന്ന് കുരുങ്ങിപ്പോയ അയാളെ നാട്ടുകാരാണ് പുറത്തെടുത്ത് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെത്തിച്ചത്. പക്ഷേ ബിക്രം റാണയെ അന്നുമുതൽ കാണാനില്ലായിരുന്നു. ഒടുവിൽ ദുരന്തത്തിന് ആറാം നാൾ ഞായറാഴ്ചയാണ് ബിക്രമിന്റെ മൃതദേഹം കണ്ടെടുക്കാനായത്. ബിക്രം അവസാന നിമിഷം നിന്നിരുന്ന സ്ഥലം കാണിച്ചുകൊടുക്കാൻ ആശുപത്രി കിടക്കയിൽ നിന്ന് കുഞ്ചുവും ഇന്നലെ ദുരന്തഭൂമിയിലെത്തിയിരുന്നു. ആ സ്ഥലത്തു നിന്നാണ് മൃതദേഹം കിട്ടിയതും. ഹിമാചൽ സ്വദേശിയായ ബിക്രം ഒന്നരകൊല്ലമായി തുരങ്കപാത പദ്ധതിയിൽ കൺസ്ട്രക്ഷൻ മാനേജരാണ്. ഉള്ളിലെ നോവ് എത്ര കാലം കഴിഞ്ഞാലും മായില്ലെന്നും മനസ്സിലിപ്പോഴും റാണയുടെ ചിരിക്കുന്ന മുഖമാണെന്നും ചങ്കിൽ കെട്ടിയ വേദനയോടെ കുഞ്ചു പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returnWayanad NewsheroKalladiLandslide disaster
News Summary - The hero who rushed to the face of death, the return of the sad hero
Next Story