വയോധിക വീട്ടിൽ മരിച്ച സംഭവം: മകൻ കസ്റ്റഡിയിൽ
text_fieldsവിഴിഞ്ഞം: വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടുകാൽ പുത്തളം വാലൻവിള വീട്ടിൽ റിട്ട. ഹിന്ദി അധ്യാപിക ശ്യാമള (76)യാണ് മരിച്ചത്. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. സംഭവത്തിൽ മകൻ ശ്രീകുമാറിനെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കാഴ്ച പരിമിതിയുള്ള ശ്യാമളയും മകൻ ശ്രീകുമാറും ഒരുമിച്ചാണ് താമസം. ശ്രീകുമാർ തന്നെയാണ് മരണ വിവരം അയൽക്കാരെയും വാർഡ് മെംബറെയും അറിയിച്ചത്. അവർ എത്തുമ്പോൾ വീട് വൃത്തിയാക്കിയിരുന്നതും മൃതദേഹം മാറ്റിക്കിടത്തിയിരുന്നതും സംശയത്തിനിടയാക്കി.
തുടർന്ന് വിവരമറിഞ്ഞ് കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിശോധിച്ചപ്പോൾ മരണം നടന്നിട്ട് അധിക സമയമായിരുന്നില്ലെങ്കിലും ശരീരം പുഴുവരിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽനിന്ന് ശ്യാമളക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്ന് മനസിലാക്കിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചശേഷം ശ്രീകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിവാഹിതനായ ശ്രീകുമാർ മദ്യത്തിനടിമയായിരുന്നു.
പലപ്പോഴും മാതാവിനെ വീട്ടിൽ ഒറ്റയ്ക്കാക്കിയ ശേഷം ദിവസങ്ങളോളം വീട്ടിൽ വരാതെ നടന്നിരുന്നതായും നാട്ടുകാർ പൊലീസിന് മൊഴി നൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീകുമാറിനെ സ്ഥലത്തെത്തിച്ച് സംസ്കാരം നടത്തി. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

