ദേശീയപാതയിലെ കിടങ്ങിൽ വീണ് മരണം: കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ മാറ്റിസ്ഥാപിച്ചു
text_fieldsകാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്ത് റോഡരികില്‍
കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ അടുത്തടുത്തായി മാറ്റിസ്ഥാപിക്കുന്നു
തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്.സി.എല്‍ കമ്പനി അധികൃതരെത്തിയാണ് അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ദേശീയപാതയോരത്ത് തൊട്ടടുത്തായി സ്ഥാപിച്ചത്.
വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയും റവന്യൂ ജീവനക്കാരനുമായ വിനോദ്കുമാര്‍ (48) കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ വലിയ താഴ്ചയിലേക്ക് വീണ് മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് സുരക്ഷക്രമീകരണം കുറ്റമറ്റരീതിയിലാക്കാന്‍ നടപടി സ്വീകരിച്ചത്.മുമ്പ് പാണമ്പ്രയില്‍ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായെടുത്ത കുഴിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞിരുന്നു. അന്ന് യാത്രക്കാരായ യുവാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
‘നരഹത്യക്ക് കേസെടുക്കണം’
തേഞ്ഞിപ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പാക്കാതെ നിര്‍മിച്ച കുഴിയില്‍ വീണ് തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ്കുമാര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെ.എന്‍.ആര്.സി.എല്ലിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു. വിനോദ്കുമാറിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ സുരക്ഷ ഉറപ്പാക്കാനായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘അപകടക്കെണി ഒഴിവാക്കണം’
തിരൂരങ്ങാടി: ദേശീയപാത അധികൃതരുടെ അനാസ്ഥകാരണം അപകടം പതിവാകുന്നതായും പ്രവൃത്തികളിൽ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മുസ്തഫ കമാൽ മുന്നിയൂർ അധ്യക്ഷത വഹിച്ചു. മുജീബ് കളിയാട്ടമുക്ക്, വി.പി. അബ്ദുൽ കരീം, മുഹമ്മദ് സലീം കളങ്ങാടൻ, സൈതലവി പാരാടൻ, നജീബ് പ്രതീക്ഷ എന്നിവർ സംസാരിച്ചു.
സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ച -എം.എൽ.എ
വള്ളിക്കുന്ന്: ദേശീയപാത നിർമാണത്തിനായെടുത്ത കിടങ്ങിൽ വീണ് റവന്യൂ ജീവനക്കാരൻ മരിക്കാനിടയായ സംഭവം ദേശീയപാത നിർമാണ അധികൃതരുടെ സുരക്ഷ ലംഘനവും പാളിച്ചയുമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്.
അപകട സാധ്യതയുള്ള സ്ഥലങ്ങളിലും കിടങ്ങുകൾക്ക് ചുറ്റും സുരക്ഷ സംവിധാനം ഒരുക്കണമെന്ന് കഴിഞ്ഞ മാസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. പലയിടങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ട് തുടർച്ചയായി അപകടം സംഭവിക്കുന്ന വിഷയം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു.
കോൺക്രീറ്റ് ബാരിയർ സ്ഥാപിക്കാൻ വിട്ടുപോയ സ്ഥലങ്ങളിൽ അവ സ്ഥാപിക്കുന്നതിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് ലൈസൺ ഓഫിസർ യോഗത്തിൽ അറിയിച്ചത്. അവ പാലിക്കപ്പെടാത്തതാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണ മരണത്തിന് കാരണമായതെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

