ഡീനിന്‍റെ ജാതി അധിക്ഷേപം; ‘കേരള’ സെനറ്റിലും പുറത്തും സംഘർഷം, വി.സിയെ അരമണിക്കൂർ കാറിൽ തടഞ്ഞിട്ട് എസ്.എഫ്.ഐ
text_fieldsഎസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ സെനറ്റ് യോഗം കഴിഞ്ഞ് മടങ്ങുന്ന വി.സി ഡോ. മോഹനൻ കുന്നുമ്മൽ
പി.ബി. ബിജു
തിരുവനന്തപുരം: ഗവേഷക വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ ഡീൻ ഡോ. സി.എൻ. വിജയകുമാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല സെനറ്റിനകത്തും പുറത്തും ബഹളവും സംഘർഷവും. സംഘർഷത്തെ തുടർന്ന് സെനറ്റ് യോഗം പിരിച്ചുവിട്ട് പുറത്തിറങ്ങിയ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെ എസ്.എഫ്.ഐക്കാർ അരമണിക്കൂറോളം സർവകലാശാല കോമ്പൗണ്ടിൽ തടഞ്ഞിട്ടു.
പൊലീസ് ഇടപെട്ടാണ് വി.സിക്ക് വഴിയൊരുക്കിയത്. സെനറ്റ് യോഗം തുടങ്ങിയപ്പോൾ തന്നെ സംസ്കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി.എൻ. വിജയകുമാരി ഗവേഷക വിദ്യാർഥി വിപിൻ വിജയനെതിരെ നടത്തിയതായി പറയുന്ന ജാതീയ അധിക്ഷേപം ഇടത് സിൻഡിക്കേറ്റംഗം അഡ്വ. മുരളീധരൻ ഉന്നയിച്ചു. കുറ്റാരോപിതയായ ഡീനിനെ പങ്കെടുപ്പിച്ച് സെനറ്റ് യോഗം നടത്താനാകില്ലെന്നും അവരെ പുറത്താക്കണമെന്നും ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിന് വി.സി വഴങ്ങിയില്ല. ഇതോടെ പ്ലക്കാർഡും മുദ്രാവാക്യവുമായി ഇടത് അംഗങ്ങൾ ബഹളം തുടങ്ങി. ഡീനിന് പ്രതിരോധം തീർക്കാൻ സെനറ്റിലെ ബി.ജെ.പി അംഗങ്ങളും രംഗത്തുവന്നു.
ബഹളം രൂക്ഷമായതോടെ ഔദ്യോഗിക പ്രമേയങ്ങൾ പാസാക്കിയതായി പ്രഖ്യാപിച്ച് സെനറ്റ് ഹാളിന്‍റെ പിറകിലെ വഴിയിലൂടെ വി.സി പുറത്തിറങ്ങി കാറിൽ കയറി. ഇതോടെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ കാർ തടഞ്ഞു. ഡീനിനെ സംരക്ഷിക്കുന്ന വൈസ് ചാൻസലർ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കാമ്പസ് ഗേറ്റ് കടക്കുന്നത് വരെ അരമണിക്കൂറോളമാണ് വി.സിയെ തടഞ്ഞിട്ടത്. വി.സി രാജ്ഭവനിൽ ബന്ധപ്പെട്ടതോടെ ഗവർണർ ഇടപെടുകയും ഉയർന്ന പൊലീസ് ഓഫിസർമാർ എത്തി വി.സിക്ക് പോകാൻ വഴിയൊരുക്കുകയുമായിരുന്നു.
18ന് വീണ്ടും യോഗം ചേരാൻ അംഗങ്ങൾക്ക് നോട്ടീസ് നൽകാൻ വി.സി രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വി.സിയെ തടഞ്ഞവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാർ ഡി.ജി.പിക്ക് പരാതി നൽകി. അന്തരിച്ച മുൻ വി.സി ഡോ. മഹാദേവൻ പിള്ളക്ക് ആദരാഞ്ജലി അർപ്പിച്ചത് മാത്രമാണ് ഇന്നലെ സെനറ്റ് പൂർത്തിയാക്കിയ അജണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

