താനൂർ നിന്ന് മീൻ പിടിത്തത്തിനിടെ കാണാതായ സിദ്ധീഖിെൻറ മൃതദേഹം കണ്ടെത്തി
text_fieldsസിദ്ധീഖ്
മലപ്പുറം: താനൂർ നിന്ന് മീൻ പിടിത്തത്തിനിടെ കാണാതായ സിദ്ധീഖിെൻറ മൃതദേഹം കൊച്ചി വൈപ്പിൻ തീരത്ത് നിന്നു ലഭിച്ചു. ജൂലൈ 28നാണ് സിദ്ധീഖും, കൂടെയുണ്ടായിരുന്ന നസ്റുദ്ദീനും അപകടത്തിൽപെട്ടത്. വൈകീട്ട് നാലു മണിയോടെ താനൂർ കടപ്പുറത്ത് നിന്ന് കാരാട്ട് ഇസ്ഹാക്കിെൻറ ഉടമസ്ഥതയിലുള്ള ജൗഹർ വള്ളത്തിൽ നിന്ന് മൽസ്യം കയറ്റി പൊന്നാനി ഹാർബറിലേക്ക് പോകുമ്പോഴാണ് കാരിയർ ഫൈബർ വള്ളം മറിഞ്ഞ് തൊഴിലാളികൾ അപകടത്തിൽ പെട്ടത്.
സിദ്ധീഖിനൊപ്പം കടലിൽ കാണാതായ താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീനെ ദിവസങ്ങൾക്ക് മുമ്പ് ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. മന്ദലാംകുന്ന് ഭാഗത്തെ കടലിൽ നീന്തി വരുന്നത് കണ്ട നാട്ടുകാർ ഇയാളെ കരക്കെത്തിക്കുകയായിരുന്നു.
എന്നാൽ സിദ്ധീഖിനെ കണ്ടെത്താൻ കടലിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ബുധനാഴ്ച രാവിലെയാണ് കൊച്ചി വൈപ്പിൻ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്. കൂട്ടായി സ്വദേശിയാണ് സിദ്ധീഖ്.

