വീടിനുള്ളിൽ അഴുകിയ നിലയിൽ വയോധികെൻറ മൃതദേഹം: മരിച്ചതറിയാതെ മാനസിക അസ്വാസ്ഥ്യമുള്ള കുടുംബാംഗങ്ങൾ
text_fieldsപുൽപ്പള്ളി: വയോധികെൻറ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി, മരണവിവരമറിയാതെ മാനസിക അസ്വാസ്ഥ്യമുള്ള കുടുംബാംഗങ്ങൾ. കദവാക്കുന്ന് കാര്യമ്പാടി വീട്ടിൽ വേലായുധ(70)െൻറ മൃതദേഹമാണ് അഴുകിയ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ട്.
മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ അമ്മിണിയോടും, മകൻ ഗംഗാധരനോടുമൊപ്പമാണ് വേലായുധൻ താമസിച്ചിരുന്നത്. വേലായുധനെ പുറത്ത് കാണാത്തത് എന്താണെന്ന് ചോദിക്കുന്നവരോട് അച്ചന് സുഖമില്ലെന്നും കിടക്കുകയാണെന്നുമാണ് ഗംഗാധരൻ സമീപവാസികളോട് പറഞ്ഞിരുന്നത്.
ഞായറാഴ്ച രൂക്ഷമായ ദുർഗന്ധം വമിച്ചതിനെതുടർന്ന് അയൽവാസി വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് വേലായുധൻ മരിച്ചതറിയുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങളും അസുഖബാധിതനുമായി ഒരാഴ്ച്ചയിലേറെയായി കിടപ്പിലായിരുന്നത്രേ വേലായുധൻ.
ഇയാളുടെ മകൾ മകൾ ഷീല ഭർത്താവിനൊപ്പം തമിഴ്നാട്ടിലാണ് താമസം. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
