ഫ്രൂട്ട് മിക്സ് പാക്കറ്റിൽ ചത്ത പുഴു; 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കോടതി
text_fieldsAI Image
കൊച്ചി: സീൽചെയ്ത് ലഭിച്ച ഫ്രൂട്ട് മിക്സ് ഭക്ഷ്യ ഉൽപന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. കർണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഉപഭോക്താവ് 2024 ജൂലൈ 18ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർ മാർട്ടിൽനിന്നാണ് ‘ക്വാളിറ്റി മിക്സ് ഫ്രൂട്ട് മ്യൂസ്ലി’ എന്ന ഭക്ഷ്യ ഉൽപന്നം വാങ്ങിയത്. ഉപയോഗിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് പാക്കറ്റിനുള്ളിൽ ചത്ത പുഴുവിനെ കണ്ടത്. ഉടൻ തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതരെ സമീപിച്ചു. ഭക്ഷ്യസുരക്ഷ ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ വാങ്ങിയ പാക്കറ്റിൽ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭക്ഷ്യയോഗമല്ലെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഈ വിവരങ്ങൾ കമ്പനിയെ അറിയിച്ചപ്പോൾ ഉൽപന്നം മാറ്റിനൽകുക മാത്രമാണ് ചെയ്തത്. എതിർകക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. ഉൽപന്ന വിലയായ 265.50 ഉപഭോക്താവിന് തിരികെ നൽകാനും മനക്ലേശത്തിനും സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്കും 20,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും 45 ദിവസത്തിനകം നൽകാൻ കോടതി എതിർകക്ഷിക്ക് ഉത്തരവ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

