കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി
text_fieldsഅമൃതം പൊടിയിൽ കണ്ടെത്തിയ പല്ലിയുടെ അവശിഷ്ടം
എറണാകുളം: ചെങ്ങമനാട് പഞ്ചായത്തിലെ 75ാം നമ്പർ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം. രണ്ട് മാസം മുമ്പാണ് അങ്കണവാടിയിൽ നിന്ന് പൊടി നൽകിയത്. 500 ഗ്രാം തൂക്കമുള്ള ആറ് പാക്കറ്റ് (മൂന്ന് കിലോ) അമൃതം പൊടിയാണ് ഓരോ കുട്ടികൾക്കും നൽകുന്നത്. അവസാന പാക്കറ്റ് വീട്ടുകാർ വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്.
ഗൃഹനാഥ സംഭവം അങ്കണവാടിയിൽ അറിയിച്ചു. ഇതോടെ വീട്ടിലെത്തി പരിശോധിച്ച ആശാവർക്കർ മേലാധികാരികളെ വിവരം അറിയിച്ചു. കേരള സർക്കാർ - വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയ്യാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിൻ, പഞ്ചസാര എന്നിവ ചേർത്തുള്ള ഉത്പ്പന്നമാണ് അമൃതം ന്യൂട്രിമിക്സ്.
ആറ് മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കുള്ള പൂരക പോഷകാഹാരമായാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളിലെ 167 അങ്കണവാടികളിലേക്കായി, നെടുമ്പാശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കരിയാട്ടിലാണ് കുടംബശ്രീ പ്രവർത്തകർ അമൃതം പൊടിയുണ്ടാക്കുന്നത്.
അതേസമയം, അതിസൂക്ഷ്മവും സുരക്ഷിതവുമായാണ് ഉത്പ്പന്നമുണ്ടാക്കുന്നതെന്ന് പാറക്കടവ് ബ്ലോക്ക് ശിശുവികസന ഓഫീസർ സൂസൺ പോൾ പറഞ്ഞു. ഉപയോഗിച്ച ശേഷം തുറന്ന് വെക്കുന്ന അമൃതം പൊടിയുടെ ഗന്ധം പല്ലിയെ ആകർഷിക്കാൻ സാധ്യത ഏറെയാണ്. സംഭവം അന്വേഷിക്കുമെന്നും ജില്ല കുടംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ശിശുവികസന ഓഫീസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

