ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; പരാതി നൽകി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ
text_fieldsകറിക്കൊപ്പം ലഭിച്ച ചത്ത പാറ്റ
തിരുവല്ല: ആഡംബര ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് കറിക്കൊപ്പം ചത്ത പാറ്റയെ ലഭിച്ചതിൽ പരാതി നൽകി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ. കൊട്ടാരക്കര സദാനന്ദപുരം സ്വദേശി ബിജു വിനായകനാണ് ബീഫ് കറിക്കൊപ്പം ചത്ത നിലയിലുള്ള പാറ്റയെ ലഭിച്ചത്. തിരുവല്ല ഇടിഞ്ഞില്ലത്ത് പ്രവർത്തിക്കുന്ന അർക്കാഡിയ ഹോട്ടലിൽ നിന്നാണ് ബീഫ് കറിക്കൊപ്പം ചത്ത പാറ്റയെ ലഭിച്ചതെന്ന് ബിജു പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം.
ചങ്ങനാശ്ശേരിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകവേ ബിജു ഹോട്ടലിൽ കയറി രണ്ട് പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. ആദ്യ പൊറോട്ട കഴിച്ചശേഷം രണ്ടാമത്തെ പൊറോട്ടക്ക് മീതെ പ്ലേറ്റിൽ ഉണ്ടായിരുന്ന കറി ഒഴിക്കുമ്പോഴാണ് ചത്ത നിലയിൽ പാറ്റയെ കണ്ടെത്തിയത്. ഇതോടെ ഹോട്ടൽ ജീവനക്കാരെ വിളിച്ചുവരുത്തി വിവരം പറഞ്ഞു. ബിജുവിന്റെ ആവശ്യപ്രകാരം ഹോട്ടൽ മാനേജരും എത്തി കാര്യങ്ങൾ കണ്ട് ബോധ്യപ്പെട്ടു. എന്തെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടാവുമോ എന്ന് അറിയാൻ വേണ്ടി ബിജു അരമണിക്കൂറോളം നേരം ഹോട്ടലിൽ തങ്ങി.
ഇതിനിടെ ഒരു വട്ടം ഛർദ്ദി ഉണ്ടായതായി ബിജു പറഞ്ഞു. എന്നാൽ, പിന്നീട് ബീഫിൽ താൻ പാറ്റയെ ഇട്ടതാണെന്ന നിലപാടായി ഹോട്ടൽ ജീവനക്കാർക്ക്. ബില്ല് നൽകാൻ ജീവനക്കാർ മടി കാണിച്ചതോടെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന പെരിങ്ങര പഞ്ചായത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് ബിജു പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

