തൃശൂർ: വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസുകാരൻ ആരോൺ ഹെവന്‍റെ മൃതദേഹം കണ്ടെത്തി. ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിത്തുകുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം തടഞ്ഞിരുന്നത്.
ഫയര്‍ഫോഴ്‌സ്, പൊലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 11ഓടെ ആരംഭിച്ച തിരച്ചിലില്‍ വൈകീട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. പട്ടേപ്പാടം എസ്.എന്‍.ഡി.പി ബ്ലോക്ക് ജംഗ്ഷന്‍ റോഡില്‍ ആനയ്ക്കതോട്ടിന് സമീപം താമസിക്കുന്ന അലങ്കാരത്ത്പറമ്പില്‍ ബെന്‍സിലിന്‍റെയും ബെന്‍സിയുടെയും മകനായ ആരോൺ ഹെവന്‍ ഞായറാഴ്ച്ച രാവിലെയാണ് ഒഴുക്കില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തോട്ടില്‍ ശക്തമായ കുത്തൊഴുക്കുണ്ടായതിനാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബെന്‍സിലിന്‍റെയും ബെന്‍സിയുടെയും ഏക മകന്‍ ആണ് ആരോൺ ഹെവന്‍.