ബന്ധുക്കൾ എത്തിയില്ല; അജ്ഞാത വയോധികെൻറ മൃതദേഹം സർക്കാർ ആശുപത്രിയിലിരുന്ന് അഴുകി
text_fieldsനെടുങ്കണ്ടം(ഇടുക്കി): ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസർ പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് അഴുകി. നെടുങ്കണ്ടം ടൗണിലെ വ്യാപാരസ്ഥാപനത്തിനു സമീപം മരിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയ 70 വയസ്സ് തോന്നിക്കുന്ന വയോധികെൻറ മൃതദേഹമാണ് ഉടുമ്പൻചോല താലൂക്ക് ആശുപത്രി മോർച്ചറിയിലിരുന്ന് അഴുകിയത്. ഇയാളുടെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളോ സുഹൃത്തുകളോ എത്താതിരുന്നതോടെ മറവു ചെയ്യുന്നതിന് പോസ്റ്റ്മോർട്ടം നടപടി ആരംഭിച്ചതോടെയാണ് ഫ്രീസർ പ്രവർത്തിക്കാത്തതിനാൽ മൃതദേഹം തീർത്തും അഴുകിയതായി വ്യക്തമായത്. ഫ്രീസർ തുറന്നതോടെ ആശുപത്രിയിലും പരിസരത്തും രൂക്ഷഗന്ധം വമിച്ചു. ഇതോടെ രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തിലായി. ഒ.പിയിൽനിന്നവർ ഡോക്ടറെ കാണാനോ മരുന്ന് വാങ്ങാനോ കഴിയാതെ സ്ഥലം വിട്ടു.
ഫ്രീസർ പ്രവർത്തിപ്പിക്കാതെ മൂന്ന് ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതായാണ് ആക്ഷേപം. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം കൊണ്ടുപോയി മണിക്കൂറുകൾക്കുശേഷവും പ്രദേശത്ത് ദുർഗന്ധം നിലനിന്നു. ആശുപത്രിയിൽ െവെദ്യുതി മുടക്കം പതിവായിരുന്നുവെന്നും യഥാസമയം ജനറേറ്റർ പ്രവർത്തിപ്പിക്കാഞ്ഞതാണ് മൃതദേഹം അഴുകാൻ കാരണമെന്നുമാണ് കിടപ്പുരോഗികളും മറ്റും പറയുന്നത്.
ചൊവ്വാഴ്ചയാണ് മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി ഫ്രീസറിൽ സൂക്ഷിച്ചത്. അന്ന് ഫ്രീസറിന് ഒരു തകരാറും ഇല്ലായിരുന്നെന്നും തകരാർ ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ മൃതദേഹം മറ്റ് ആശുപത്രിയിലേക്ക് മാറ്റുമായിരുന്നെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മെറിൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക്് ഫ്രീസറിെൻറ മോനിറ്റർ പ്രവർത്തിക്കുന്നില്ലെന്ന് സെക്യൂരിറ്റി അറിയിച്ചതനുസരിച്ച് പോസ്റ്റ്മോർട്ടത്തിന് നടപടിയെടുക്കുകയോ വേറെ ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം അറിയിച്ചിരുന്നു.
എന്നാൽ, വെള്ളിയാഴ്ചയാണ് പൊലീസ് എത്തിയതെന്ന് സൂപ്രണ്ട് പറഞ്ഞു. പൊലീസിെൻറ ഭാഗത്തുനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചതെന്നും ബന്ധുക്കൾ എത്തിയില്ലെങ്കിൽ പോസ്റ്റ്മോർട്ടം അടക്കം നടപടിയെടുത്ത് മൃതദേഹം മറവ് ചെയ്യേണ്ട ജോലി പഞ്ചായത്തിനാണെന്നും നെടുങ്കണ്ടം സി.ഐ അയ്യൂബ്ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
