കോഴിക്കോട്: സബ് ഇൻസ്പെക്ടറെ വിഡ്ഢിയെന്നധിക്ഷേപിച്ച് മൃഗത്തോടുപമിച്ച ഡെപ്യൂട്ടി പൊലീസ് കമീഷണറിൽ നിന്ന് സിറ്റി പൊലീസ് മേധാവി വിശദീകരണം തേടി. ക്രമസമാധാന ചുമതല വഹിക്കുന്ന ഡി.സി.പി എം. ഹേമലതയിൽ നിന്നാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് വിശദീകരണം തേടിയത്. ഏപ്രിൽ 13ന് രാവിലെയാണ് സംഭവം. പതിവായി നടക്കുന്ന വയർെലസ് യോഗത്തിനിടെയാണ് കൺട്രോൾ റൂം സബ് ഇൻസ്പെക്ടറെ മേലുദ്യോഗസ്ഥ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചത്.
ഫ്ലയിങ് സ്ക്വാഡിെൻറ എല്ലാ വാഹനങ്ങളിലും എസ്.ഐ തലത്തിലുളള ഉദ്യോഗസ്ഥന്‍ വേണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു. ഇത് നടപ്പാവാത്തതാണ് ഡി.സി.പിയെ പ്രകോപിപ്പിച്ചത്. മൃഗത്തോടുപമിച്ചുള്ള 'പരസ്യ ശാസന' വയർെലസിലൂടെ യോഗത്തിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെല്ലാം കേട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പലരും അവധിയില്‍ പോയതിനാലാണ് പട്രോളിങ് വാഹനങ്ങളിലെല്ലാം എസ്.ഐമാർ വേണമെന്ന നിർദേശം പാലിക്കാനാകാതിരുന്നതെന്ന് ഇന്‍സ്പെക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേൾക്കാതെയായിരുന്നു നിങ്ങള്‍ മൃഗങ്ങളാണോ? നിങ്ങള്‍ക്ക് സാമാന്യ ബുദ്ധിയില്ലേ? തുടങ്ങിയ കടുത്ത പ്രയോഗങ്ങൾ നടത്തിയുള്ള ഡി.സി.പിയുടെ ആക്രോശം.
പൊലീസുദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതും ആത്മാഭിമാനം ചോദ്യം െചയ്യുന്നതുമാണ് മേലുദ്യോഗസ്ഥയുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി സേനാംഗങ്ങളിൽ പലരും വിമർശനവുമായി രംഗത്തെത്തിയതോടെ അസോസിയേഷൻ വിഷയത്തിലിടപെടുകയും പ്രശ്നം സിറ്റി പൊലീസ് മേധാവിയുെട മുന്നിൽ പരാതിയായി ഉന്നയിക്കുകയുമായിരുന്നു. തുടർന്നാണ് ഡി.സി.പിയിൽ നിന്ന് വിശദീകരണം േതടിയത്.