നികുതി വർധനക്കെതിരെ സമരനാളുകൾ
text_fieldsബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ്, വീട്ടുനികുതി, വെള്ളക്കരം തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ്
നടത്തിയ നിയമസഭ മാർച്ചിൽ കാർ കെട്ടിവലിച്ച് പ്രതിഷേധിക്കുന്ന വനിത പ്രവർത്തകർ
തിരുവനന്തപുരം: കൂട്ടിയ നികുതികൾ കുറക്കില്ലെന്ന് സർക്കാറും സമരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചതോടെ വരുംദിനങ്ങളിൽ ബജറ്റ് ശിപാർശകൾ രാഷ്ട്രീയമായി കത്തും. നിയമസഭക്ക് മുന്നിൽ സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷം സഭ താൽക്കാലികമായി ഇന്ന് പിരിയുന്നതോടെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് നിയമസഭക്കുള്ളിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സാധ്യത. വർധിപ്പിച്ച നികുതിയിൽ ഒരുകുറവും വരുത്താതെ ധനമന്ത്രി പരിഹസിക്കുകയായിരുന്നെന്ന വിലയിരുത്തലാണ് പ്രതിപക്ഷത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം. നികുതി കുറച്ചാൽ അത് പ്രതിപക്ഷത്തിന്‍റെ സമരവിജയമായി ചിത്രീകരിക്കപ്പെടുമെന്ന വിലയിരുത്തൽ സർക്കാറിനുണ്ട്.
ഇക്കാര്യം മറയില്ലാതെ ധനമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. നികുതി വർധന കേരളത്തിന്‍റെ നിലനിൽപിന് ഏറെ പ്രധാനമാണെന്നാണ് മന്ത്രി ആവർത്തിച്ചത്. ബജറ്റ് അവതരണത്തിന് പിന്നാലെ എൽ.ഡി.എഫ് നേതാക്കളിൽ പലരും ഇന്ധന സെസ് കുറക്കുമെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ മന്ത്രിയുടെ മറുപടിക്ക് ശേഷം ആ നേതാക്കൾ നിലപാട് മാറ്റുകയും ചെയ്തു. നികുതി കുറക്കില്ലെന്ന് എൽ.ഡി.എഫ് നിയമസഭ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കുന്ന സാഹചര്യമുണ്ടായി.
ബജറ്റ് നിർദേശങ്ങളിൽ ചെറിയ മാറ്റങ്ങൾ പ്രതിപക്ഷം പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഏപ്രിൽ ഒന്ന് മുതലാണ് ഇന്ധന സെസ് അടക്കമുള്ള നികുതി നിർദേശങ്ങൾ പ്രാബല്യത്തിൽ വരിക. അപ്പോഴേക്കും പ്രതിപക്ഷ സമരം തണുക്കുമെന്ന വിലയിരുത്തലിലാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

