കോവിഡ് രോഗികൾക്കും സമ്പർക്ക വിലക്കുള്ളവർക്കും തലേ ദിവസം തപാൽ ബാലറ്റ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും സമ്പർക്ക വിലക്കിൽ അഉള്ളവർക്കും തലേ ദിവസം വൈകുന്നേരം ആറിനുമുമ്പ് തപാൽ ബാലറ്റ് എത്തിക്കും. വൈകുന്നേരം മൂന്നു വരെ ആരോഗ്യ വകുപ്പിെൻറ പട്ടികയിലുള്ളവർക്കാണ് ഇത് നൽകുക.
തുടർന്ന് രോഗം സ്ഥിരീകരിക്കുന്നവർക്ക് അവസാന മണിക്കൂറിൽ ബൂത്തിലെത്തി വോട്ട് ചെയ്യാം. വൈകീട്ട് അഞ്ചു മുതൽ ആറു വരെ മറ്റ് വോട്ടർമാർ, ടോക്കൺ ലഭിച്ചവർ തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയ ശേഷമാകും അനുവദിക്കുക. ഇതിന് തെരഞ്ഞെടുപ്പ് കമീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.
കോവിഡ് ബാധിതരെയും ക്വാറൻറീനിൽ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്പെഷൽ വോട്ടർ) പരിഗണിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രത്യേക സമ്മതിദായകരുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക തയാറാക്കുക. 10 ദിവസം മുമ്പ് മുതൽ വോട്ടെടുപ്പ് നടത്തുന്ന ദിവസം വരെയുള്ള കാലത്തെ പട്ടികയാകും ഇത്.
സ്പെഷൽ പോളിങ് ഓഫിസറും പോളിങ് അസിസ്റ്റൻറുമാണ് ബാലറ്റ് വീട്ടിൽ എത്തിക്കുക. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് നൽകിയാൽ സത്യപ്രസ്താവനയും ബാലറ്റും ലഭിക്കും. ഉദ്യോഗസ്ഥർ മുമ്പാകെ സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. വീടിനകത്തു പോയി രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് വോട്ട് രേഖപ്പെടുത്താം. ബാലറ്റും സത്യപ്രസ്താവനയും വെവ്വേറെ കവറിൽ ഇട്ട് ഒട്ടിച്ച് മൂന്നാമത്തെ കവറിലാക്കി സ്പെഷൽ പോളിങ് ഓഫിസർക്ക്് കൈമാറണം. ബാലറ്റ് പോളിങ് ഓഫിസർക്ക് നൽകാൻ താൽപര്യമില്ലാത്തവർ ആൾ വശമോ തപാൽ വഴിയോ വരണാധികാരിക്ക് എത്തിക്കണം.
തപാൽ ബാലറ്റ് പേപ്പർ ലഭിച്ചതിന് സമ്മതിദായകന് രസീത് നൽകും. സ്പെഷൽ ബാലറ്റിന് നേരിട്ട് അപേക്ഷിക്കുന്നവർ കോവിഡ് രോഗിയെന്നോ നിർബന്ധിത ക്വാറൻറീൻ എന്നോ സാക്ഷ്യപ്പെടുത്താൻ ആരോഗ്യ വകുപ്പ് അധികാരിയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം.