തൃശൂർ: വ്യത്യസ്തമായ വസ്തുക്കൾ കൊണ്ട് ചിത്രങ്ങൾ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷ് കൊറോണക്കാലത്തെ ഓണത്തിന് മുന്നോടിയായി ചിത്രം വരക്കാന്‍ കണ്ടെത്തിയത് മാസ്കുകൾ. 25 അടി നീളത്തിലും 15 അടി വീതിയിലും അമിതാഭ് ബച്ചെൻറ ചിത്രമാണ് ഡാവിഞ്ചി ഒരുക്കിയത്.
ഓണക്കളം തീര്‍ക്കും പോലെ പൂക്കൾക്ക് പകരം 2500 മാസ്കുകള്‍ ഉപയോഗിച്ച് മൂന്നുപീടിക യമുനാ ഓഡിറ്റോറിയത്തിലാണ് എട്ട് മണിക്കൂര്‍ കൊണ്ട് വിസ്മയ ചിത്രം നിർമിച്ചത്. തൃശൂര്‍ ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്‍ മെമ്പര്‍ ശോഭാ സുബിന്‍റെ നേതൃത്വത്തില്‍ നാട്ടുകാർക്ക് ഓണസമ്മാനമായി സൗജന്യ മാസ്ക് നൽകുന്നതിനോടനുബന്ധിച്ചായിരുന്നു പരിപാടി.
തറയില്‍ വെള്ളത്തുണി വിരിച്ചാണ് വിവിധ നിറങ്ങളിലുള്ള മാസ്കുകള്‍ ഉപയോഗിച്ച് സുരക്ഷാ ചിട്ടവട്ടങ്ങളോടെ മാസ്ക് ചിത്രം തീര്‍ത്തത്. കോവിഡിനെ ചെറുക്കാൻ മാസ്ക് ധരിക്കണമെന്ന സന്ദേശം നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.