‘സാറ് പപ്പയെ ഇടിച്ച കാര്യം ഞങ്ങളോട് പറഞ്ഞിരുന്നു...’ -പൊലീസിനോട് വിങ്ങിപ്പൊട്ടി സിയാദിന്റെ മകൾ
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനും മരിച്ച സിയാദിന്‍റെ മകളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു. അച്ഛന് സുഖമില്ലെന്ന് നേരത്തെ പറഞ്ഞതല്ലേയെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നുമാണ് സംഭാഷണത്തിലുള്ളത്. സിയാദ് പൊലീസ് മർദനത്തെ തുടർന്നാണ് മരിച്ചതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
സിയാദിന്‍റെ മരണശേഷം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനുമായി മകൾ സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ‘എന്‍റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ, സാറ് പപ്പയെ മർദിച്ചിരുന്നെന്ന് പപ്പ പറഞ്ഞിരുന്നു...’ എന്നാണ് മകൾ പറയുന്നത്. ഇങ്ങനെയെല്ലാം പറയുമ്പോഴും കുറ്റം നിഷേധിക്കുകയാണ് ഫോണിൽ സംസാരിക്കുന്ന പൊലീസുകാരൻ.
‘മർദിച്ചതിന് ഞങ്ങളുടെ കൈയിൽ തെളിവുണ്ട്. ആശുപത്രിയിൽ പോയപ്പോൾ ആരാണ് ഇടിച്ചതെന്ന് ചോദിച്ചു. നട്ടെല്ല് മുഴുവൻ പഴുത്തിരുന്നു. സീരിയസായിട്ട് കിടന്നു. സാറിന്റെ അടുത്ത് നൂറുവട്ടം ഞാൻ പറഞ്ഞതാ...വയ്യാത്ത ആളാണെന്ന്, ഞങ്ങൾക്ക് ആരും ഇല്ലാതായി...’-എന്നും പറയുന്നുണ്ട്. ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിന്‍റെ റെക്കോർഡാണ് പുറത്തുവന്നത്.
കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിന്‍റെ ആരോപണം. ജൂൺ 16ന് രാത്രിയാണ് അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ കുണ്ടറ പൊലീസ് സൊസൈറ്റിമുക്ക് സ്വദേശി സിയാദിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയത്.
പൊലീസ് കൊണ്ടുപോകുന്നതിനിടെ സ്റ്റേഷനിൽ വെച്ച് പൊലീസുകാരുടെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്‍റെ ഭാര്യയെ വിളിച്ച് പൊലീസ് മർദിക്കുന്നെന്നും ഉടൻ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. പൊലീസിന്‍റെ ക്രൂരമായ മർദനവും പരിക്കുകളും കാരണം അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് സിയാദിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

