‘ഉറങ്ങുമ്പോൾ അച്ചാച്ഛൻ എന്തൊക്കെയോ ചെയ്തെന്ന് മോള് പറഞ്ഞു... കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നീര് വെച്ചിരുന്നു’ -നാലുപേരുടെ കൂട്ട ആത്മഹത്യയിൽ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
text_fieldsപയ്യന്നൂർ: കഴിഞ്ഞ വർഷം ഡിസംബറിൽ നാടിനെ നടുക്കിയ കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കുട്ടികളുടെ അമ്മ. രണ്ട് മക്കളെയും കൊന്ന് ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കിയ സംഭവത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഭർതൃപിതാവ് കുട്ടിയെ പീഡിപ്പിച്ച വിവരം ബോധ്യപ്പെട്ടതിനാലാകാം കുഞ്ഞുങ്ങളെയും കൊന്ന് ഭർത്താവും ഭർതൃമാതാവും ആത്മഹത്യ ചെയ്തതെന്നാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.
ആരോപണ വിധേയനായ ഭർതൃപിതാവ് അടുത്തിടെ മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായ സാഹചര്യത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. അയാൾ സ്ഥിരം കുറ്റവാളിയാണ് എന്നതിന്റെ തെളിവുകൂടിയാണിതെന്നും തന്റെ മക്കളുടെ മരണത്തിലടക്കം പുനരന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെടുന്നു.
‘കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തെല്ലാം നീറ്റലുണ്ടായിരുന്നു. സോപ്പ് തേച്ച് കുളിപ്പിക്കാൻ സമ്മതിക്കൂല. മോളെ എന്താ നിൻറെ പ്രശ്നമെന്നും നിനക്ക് എന്തുകൊണ്ടാണ് അവിടെ വേദനയെന്നും കുഞ്ഞിനോട് ഞാൻ ചോദിച്ചിരുന്നു. കൈകൊണ്ട് എങ്ങാനും അവിടെ ചൊറിഞ്ഞപ്പോൾ മുറിവു പറ്റിയോ എന്നും ചോദിച്ചു. ഞാൻ അങ്ങനെയാണ് കരുതിയിരുന്നത്. പക്ഷേ, ഉറങ്ങുമ്പോൾ അച്ചാച്ഛൻ എന്തൊക്കെയോ ചെയ്തതായി കുഞ്ഞ് പറഞ്ഞു. നോക്കിയപ്പോൾ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നീര് വെച്ചതായിട്ടും ശരീരഭാഗങ്ങളിലെല്ലാം ഓരോ പാടുകളും കണ്ടു. കുഞ്ഞിന് ഭയങ്കര ട്രോമയായിരുന്നു. എന്ത് കാണുമ്പോഴും പേടിയായിരുന്നു. വലിയ ഒച്ച വരുമ്പോഴൊക്കെ ഭയപ്പെടുന്ന രീതിയിലേക്ക് കുഞ്ഞു വന്നു’ -യുവതി പറഞ്ഞു.
‘കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാൽ കൊല്ലുമെന്ന് ഭർതൃപിതാവ് ഭീഷണിപ്പെടുത്തി. ഇതിന് ഭർത്താവ് കൂട്ടുനിന്നു. മുറിയിലിട്ട് പൂട്ടി ക്രൂരമായി മർദിച്ചു. ഭർത്താവിന്റെ അമ്മ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു. ഇക്കാര്യം ഭർത്താവിന്റെ അച്ഛൻ മനസ്സിലാക്കി. പിന്നെ എപ്പോഴും എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇത് ആരോടെങ്കിലും പറഞ്ഞാൽ കുഞ്ഞിനെയും നിന്നെയും കൊന്നുകളയും എന്നായിരുന്നു ഭീഷണി. ഭർത്താവിനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എന്നെ അടിക്കുകയും കഴുത്തിന് പിടിച്ചു തള്ളുകയും ഒക്കെ ചെയ്തു. നീ എന്താ എന്റെ കുഞ്ഞിന് ചെയ്തത്, നിനക്ക് വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞു’ -യുവതി പറഞ്ഞു.
കുട്ടിയെ പീഡിപ്പിച്ചതിന് അന്ന് ഭർതൃപിതാവിനെതിരെ കേസ് കൊടുത്തെങ്കിലും പയ്യന്നൂർ പൊലീസ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും യുവതി ആരോപിച്ചു. വളരെ മോശം വർത്തമാനമാണ് പറഞ്ഞത്. അന്ന് പൊലീസ് കാര്യക്ഷമതയോടെ അന്വേഷിച്ചിരുന്നെങ്കിൽ തൻറെ കുഞ്ഞുങ്ങൾ എങ്കിലും ബാക്കി ഉണ്ടാകുമായിരുന്നു എന്നും യുവതി കരഞ്ഞുകൊണ്ട് പറഞ്ഞു. പീഡിപ്പിക്കപ്പെട്ട തന്റെ കുഞ്ഞിന് ദിവസങ്ങളോളം പ്രതിയുടെ വീട്ടിൽ കഴിയേണ്ടിവന്നതായും ഈ വിവരം പൊലീസിൽ അറിയിച്ചപ്പോൾ തനിക്കെതിരെ കേസെടുത്തെന്നും ഇവർ പറഞ്ഞു.
‘കേസ് കൊടുത്തപ്പോൾ പൊലീസുകാർ എനിക്ക് എതിരായും പ്രതിക്ക് അനുകൂലമായിട്ടും ഉള്ള റിപ്പോർട്ട് എഴുതി കൊടുത്തു. അവർ ഒരുപക്ഷേ ഞാൻ കൊടുത്ത പരാതിയിൽ മേൽ നടപടി സ്വീകരിക്കുകയും അയാളുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യുകയും ചെയ്തെങ്കിൽ ഇപ്പോൾ ഈ ഗതി വരില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങളും ഭർത്താവും ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. കൈമുറിഞ്ഞിട്ട് കുഞ്ഞിനെ ഇവിടെനിന്ന് കൂട്ടിയിട്ട് പോയി. ദിവസങ്ങളോളം അവിടെ ഉണ്ടായിരുന്നു. അപ്പോൾ അയാൾ (ഭർതൃപിതാവ്) എന്തെങ്കിലും ചെയ്തിട്ടുണ്ടാവണം. ഭർത്താവും അമ്മയും അത് കണ്ടിട്ടുണ്ടാവണം. അങ്ങനെയായിരിക്കും അവർ ജീവനൊടുക്കിയത്...’ -വാക്കുകൾ മുഴുമുപ്പിക്കാനാകാതെ യുവതി വിതുമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

