കരുനാഗപ്പള്ളി: വയോധികയായ അമ്മായിയമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ മരുമകൾ അറസ്റ്റിൽ. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായിൽ വീട്ടിൽ നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. നളിനാക്ഷിയുടെ മകെൻറ ഭാര്യയായ രാധാമണിയെ (60) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 29ന് പുലർച്ച ഒന്നിന് വീട്ടിലെ കിടപ്പുമുറിയിൽെവച്ച് നളിനാക്ഷിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ഉലക്കകൊണ്ട് തലക്കടിച്ച് ബോധംകെടുത്തി തീ കൊളുത്തുകയായിരുന്നു.
സംഭവദിവസം പുലർച്ച രണ്ടോടെ നളിനാക്ഷി വീട്ടിൽ പൊള്ളലേറ്റ് കിടക്കുന്നതായി കരുനാഗപ്പള്ളി പൊലീസിന് വിവരം ലഭിച്ചതിനെതുടർന്ന് ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കൾ മൊഴി നൽകി. ഇൻക്വസ്റ്റ് വേളയിൽ തലയിൽ കണ്ടെത്തിയ മുറിവ് തീകത്തിയ സമയത്ത് തല ഭിത്തിയിൽ ഇടിച്ചതിനാൽ ഉണ്ടായതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നളിനാക്ഷിയുടെ തലക്കേറ്റ മുറിവ് ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്ന് പോസ്റ്റ്മോർട്ട് റിപ്പോർട്ടിലൂടെ മനസ്സിലാക്കിയ പൊലീസ്, ശാസ്ത്രീയ തെളിവുകളിലൂടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്.
ഉറങ്ങിക്കിടന്ന നളിനാക്ഷിയെ മണ്ണെണ്ണ ഒഴിച്ചശേഷം തലക്കടിച്ച് പരിക്കേൽപിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
രാധാമണി നേരത്തേ ചാരായം വാറ്റിയ കേസിലും ജയിലിൽ കിടന്നിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണം നടത്തുന്നതിന് പൊലീസ് കസ്റ്റഡിയിൽവാങ്ങി.
കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണൻ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിെൻറ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐമാരായ വിനോദ്കുമാർ, ധന്യ, ഗ്രേഡ് എസ്.ഐമാരായ സിദ്ദീഖ്, കലാധരൻ, എസ്.സി.പി.ഒ സീമ, സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.