മാതാവിന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച മകളും മരുമകനും അറസ്റ്റിൽ
text_fieldsഏറ്റുമാനൂർ: മാതാവിന്‍റെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച മകളെയും മരുമകനെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന സ്വദേശിയായ കിരൺ രാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ പേരൂരിലാണ് ഐശ്വര്യയുടെ കുടുംബവീട്. ഓണാവധിക്ക് വീട്ടിൽ വന്ന ഐശ്വര്യ മാതാവ് പാലക്കാട് ജോലിക്കുപോയ സമയത്ത് തന്‍റെ ഭാർതൃഗൃഹമായ തിരുവനന്തപുരത്തേക്ക് വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്നു. പാലക്കാടുനിന്ന് തിരിച്ചെത്തിയ മാതാവ് താൻ വീട്ടിൽ സൂക്ഷിച്ച 10 പവൻ സ്വർണം അടങ്ങിയ പെട്ടി കാണാനില്ലെന്ന് മനസ്സിലാക്കുകയും ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
പൊലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യംചെയ്ത സമയത്ത് ഐശ്വര്യ തന്‍റെ പിതാവ് സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്നുപറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് പെൺകുട്ടിയുടെ ഭർത്താവിന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്ത 10 പവൻ സ്വർണത്തിൽ അഞ്ച് പവൻ മുക്കുപണ്ടമാണെന്ന് പരിശോധനയിൽ വ്യക്തമാകുകയും ചെയ്തു.
അപ്പോഴാണ് യുവതി മോഷ്ടിച്ചസമയത്ത് അതിലിരുന്ന അഞ്ച് പവൻ വരുന്ന മാലയെടുത്ത് പണയം വെക്കുകയും പകരമായി മുക്കുപണ്ടം ബോക്സിൽ സൂക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ ഇളയ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി മാതാവ് കരുതിയ സ്വർണമാണ് മൂത്തമകളായ ഐശ്വര്യ അപഹരിച്ചുകൊണ്ട് പോയത്.
ഏറ്റുമാനൂർ എസ്.എച്ച്.ഒ രാജേഷ് കുമാർ, എസ്.ഐ സ്റ്റാൻലി, എ.എസ്.ഐ അംബിക, സിവിൽ പൊലീസ് ഓഫീസർമാരായ പി.സി. സജി, സൈഫുദ്ദീൻ, കെ.പി. മനോജ്, സുഭാഷ് വാസു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

