തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള തീയതി നീട്ടി
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ആഗസ്റ്റ് എട്ടുവരെയായിരുന്നു വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി.
കൂടുതൽ ആളുകൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാനും നിലവിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോൺഗ്രസ് അടക്കം വോട്ടർ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം അവസാനത്തോടെയാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടിക പുതുക്കുന്നത്.
അതിനിടെ, വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 9,10(ശനി, ഞായർ) തീയതികളിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് അവധിയുണ്ടായിരിക്കില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവൃത്തി ദിനമായിരിക്കുമെന്നും വോട്ടർ പട്ടിക പുതുക്കാൻ എല്ലാവർക്കും അവസരം ലഭിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

