Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കണക്ക് തെറ്റിയാൽ...

‘കണക്ക് തെറ്റിയാൽ തിരുത്താം... എന്നാൽ, ആ ആശയലോകം കൂടുതൽ അപകടകരം’ -മുഖ്യമന്ത്രിയെ വിമർശിച്ച് അബ്ദുൽ ഹകീം അസ്ഹരി

text_fields
bookmark_border
‘കണക്ക് തെറ്റിയാൽ തിരുത്താം... എന്നാൽ, ആ ആശയലോകം കൂടുതൽ അപകടകരം’ -മുഖ്യമന്ത്രിയെ വിമർശിച്ച് അബ്ദുൽ ഹകീം അസ്ഹരി
cancel
camera_alt

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ‘റിവേഴ്സ് റമിറ്റൻസ്’ പരാമർശം കണക്കിലെ ഒരു പിഴവ് മാത്രമായി കാണാൻ കഴിയില്ലെന്ന് എസ്.വൈ.എസ് (സുന്നി യുവജന സംഘം) പ്രസിഡന്റും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. ‘കണക്ക് തെറ്റിയാൽ തിരുത്താം. എന്നാൽ, ആ കണക്കിനെ പൊതിഞ്ഞുനിൽക്കുന്ന ആശയലോകമുണ്ട്. അതാണ് കുടുതൽ അപകടകരം.’ -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ കുറിപ്പ് ഒരു ആശയത്തോടുള്ള, ആ ആശയം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ വേരുപിടിക്കുന്നതിനോടുള്ള, തുറന്ന വിയോജിപ്പാണെന്നും ഒരു വ്യക്തിയോടുള്ള അധിക്ഷേപമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി എന്ന നിലയിൽ, നിയമസഭ എന്ന വേദിയിൽ പറഞ്ഞ വാക്കുകളായതിനാൽ ആ ഗൗരവത്തിൽ തന്നെയാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ടതെന്നും കൂട്ടിച്ചേർത്തു.

കുടിയേറ്റം കൊണ്ട് ജീവിക്കുന്ന ഒരു നാടിന്റെ മുഖ്യമന്ത്രി, തന്റെ നാട്ടിലേക്ക് കുടിയേറിവന്നവരുടെ റമിറ്റൻസിനെ ഭീഷണിയായി ചിത്രീകരിക്കുമ്പോൾ, അത് ചരിത്രത്തോടുള്ള നന്ദികേട് മാത്രമല്ല; അപകടകരമായ ഒരു കീഴ്‌വഴക്കം കൂടിയാണെന്നും അസ്ഹരി അഭിപ്രായപ്പെട്ടു.

കുടിയേറ്റ തൊഴിലാളിയെ സാമ്പത്തിക പ്രതിയാക്കുന്ന ആഖ്യാനം കേരളത്തിന്റെ പൊതുബോധത്തിൽ സ്ഥാനം പിടിക്കരുത്. നിയമസഭയിൽ പറഞ്ഞ വാക്കുകൾ തിരുത്താനുള്ള മഹാമനസ്കത ജനാധിപത്യത്തിന്റെ അലങ്കാരമാണ്. ആ തിരുത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു -എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരള നിയമസഭയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ ‘റിവേഴ്‌സ് റെമിറ്റൻസ്’ പരാമർശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാൻ കഴിയില്ല. കണക്ക് തെറ്റിയാൽ തിരുത്താം. എന്നാൽ ആ കണക്കിനെ പൊതിഞ്ഞുനിൽക്കുന്ന ഒരു ആശയലോകമുണ്ട്. അതാണ് കൂടുതൽ അപകടകരം. മുഖ്യമന്ത്രി എന്ന നിലയിൽ, നിയമസഭ എന്ന വേദിയിൽ പറഞ്ഞ വാക്കുകളായതിനാൽ ആ ഗൗരവത്തിൽ തന്നെയാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ടത്.

ഇത് ഊഹാപോഹങ്ങൾ പറയേണ്ട മേഖലയല്ല. കാൽനൂറ്റാണ്ടായി ആധികാരിക പഠനങ്ങൾ നടക്കുന്ന മേഖലയാണ്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) 1998 മുതൽ ആരംഭിച്ചതും ഇപ്പോൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് (GIFT), ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് (IIMAD) എന്നിവ ചേർന്ന് നടത്തുന്നതുമായ കേരള മൈഗ്രേഷൻ സർവേ (KMS) പ്രകാരം, 2023-ൽ കേരളത്തിലേക്ക് വന്ന പ്രവാസി പണം 2,16,893 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 1.7 ഇരട്ടിയും ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനവുമാണ്.

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് അയക്കുന്ന തുക കേരള സർക്കാരിനുവേണ്ടി GIFT നടത്തിയ പഠനത്തിൽ പ്രതിവർഷം ഏകദേശം 17,500 കോടി രൂപയെന്നും, പിന്നീടുള്ള പ്രൊജക്ഷനുകളിൽ 25,000 കോടിയുടെ പരിസരത്താണെന്നും കണക്കാക്കുന്നു. അതായത്, കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തിന്റെ എട്ട് മുതൽ പരമാവധി പന്ത്രണ്ട് മുതൽ പതിനഞ്ച് ശതമാനം വരെ മാത്രം.

KMS 2023 ആദ്യമായി കണക്കാക്കിയ കേരളത്തിൽ നിന്നുള്ള ആകെ പുറത്തേക്കുള്ള പണമൊഴുക്ക് പോലും 43,378 കോടി രൂപയാണ്. അത് കേരളത്തിലേക്കുള്ള വരവിന്റെ അഞ്ചിലൊന്ന് മാത്രം. അതിലാകട്ടെ, വിദേശ പഠനഫീസ് അടക്കം കേരളീയർ തന്നെ പുറത്തേക്ക് അയക്കുന്ന യഥാർഥ ‘റിവേഴ്‌സ് റെമിറ്റൻസും’ ഉൾപ്പെടുന്നു. എവിടെയാണ് ‘സിംഹഭാഗം’? കണക്ക് ഇതായിരിക്കെ, ‘സാമ്പത്തിക അടിത്തറ മാന്തുന്നു’ എന്ന പ്രയോഗം വസ്തുതയല്ല; ഒരു ആഖ്യാനമാണ്. ആ ആഖ്യാനത്തിന്റെ ഘടനയാണ് പരിശോധിക്കപ്പെടേണ്ടത്.

ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണം ഒന്നാണ്. സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങൾക്ക് ഘടനാപരമായ കാരണങ്ങൾ അന്വേഷിക്കുന്നതിനുപകരം, ഏറ്റവും ദുർബലരായ കുടിയേറ്റക്കാരെ ചൂണ്ടിക്കാണിക്കുക. "അവർ നമ്മുടെ പണം കൊണ്ടുപോകുന്നു", "അവർ നമ്മുടെ വിഭവങ്ങൾ ഊറ്റുന്നു" എന്ന വാചകങ്ങൾ അമേരിക്കയിലും യൂറോപ്പിലും നാം കേട്ടതാണ്.

അതേ വാചകഘടനയും അതേ യുക്തിയും കേരള നിയമസഭയിൽ മുഴങ്ങുമ്പോൾ അതിന്റെ പേര് മാറുന്നില്ല. കുടിയേറ്റക്കാരന്റെ കൂലിയെ ‘ചോർച്ച’യായി ചിത്രീകരിക്കുന്ന നിമിഷം, ആ അധ്വാനം ഇവിടെ സൃഷ്ടിച്ച മൂല്യം, കെട്ടിടങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ, ഹോട്ടലുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവ അദൃശ്യമാക്കപ്പെടുന്നു. കൂലി കൊടുത്തില്ലെങ്കിലും അധ്വാനം വേണം എന്ന ആഗ്രഹത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ പേരില്ല; ചരിത്രത്തിൽ പേരുണ്ട്.

ഇതിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു ധാരണ കൂടിയുണ്ട്. അതിസങ്കുചിതമായ ഒരു ദേശീയതാ സങ്കല്പം. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ സമ്പാദിക്കുന്ന പണം അതിർത്തിക്കുള്ളിൽ തന്നെ നിൽക്കണം എന്ന ചിന്ത, ഇന്ത്യ എന്ന ഒറ്റ സാമ്പത്തിക ഇടത്തെയും തൊഴിൽ തേടി എവിടെയും സഞ്ചരിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയും (അനുച്ഛേദം 19) നിരാകരിക്കുന്നതാണ്. മുർഷിദാബാദിൽ നിന്നോ നാഗാവിൽ നിന്നോ വരുന്ന തൊഴിലാളി വിദേശിയല്ല; ഈ രാജ്യത്തിന്റെ പൗരനാണ്. അയാളുടെ കൂലി അയാളുടെ കുടുംബത്തിലേക്ക് പോകുന്നത് സാമ്പത്തിക പ്രക്രിയയാണ്, കുറ്റകൃത്യമല്ല.

അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിന്റെ ബാധ്യതയല്ല; മലയാളിയുടെ സാമൂഹിക വികസനത്തിന്റെ മറ്റൊരു മുഖമാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈവരിച്ച നേട്ടങ്ങളും, തലമുറകളായി തുടരുന്ന പ്രവാസവും, ഉയർന്ന കൂലിനിരക്കും ചേർന്ന് മലയാളി യുവത കായികാധ്വാനം ആവശ്യമായ മേഖലകളിൽ നിന്ന് പടിപടിയായി മാറിനിന്നപ്പോൾ ആ വിടവ് നികത്തിയത് ഇവരാണ്.

നിർമ്മാണം, കൃഷി, തോട്ടം, ഹോട്ടൽ, മത്സ്യബന്ധനം തുടങ്ങി അധ്വാനം ആവശ്യമായ ഏതാണ്ട് എല്ലാ മേഖലകളും ഇന്ന് മുന്നോട്ടുപോകുന്നത് അവരുടെ കൈകളിലാണ്. നാട്ടിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും വരെ ഇന്ന് അതിഥി തൊഴിലാളികളാണ് എന്നത് ഈ സാമൂഹിക മാറ്റത്തിന്റെ ഏറ്റവും ദൃശ്യമായ അടയാളമാണ്.

ഈ കഴിഞ്ഞ ഇലക്ഷൻ കാലത്ത് അതിഥി തൊഴിലാളികളിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയപ്പോൾ കേരളം നേരിട്ട തൊഴിൽ പ്രതിസന്ധി നാം കണ്ടതാണ്. നിർമ്മാണ സൈറ്റുകൾ നിശ്ചലമായി. നിരവധി പദ്ധതികൾ വൈകി. ചെറുതും വലുതുമായ കമ്പനികൾ പ്രതിസന്ധിയിലായി. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ഈ കൈകളെയാണ് ഇന്ന് ‘അടിത്തറ മാന്തുന്നവർ’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു സാമ്പത്തിക മൂലധനത്തെ വിലയിരുത്തുന്നിടത്ത് തീർത്തും സ്റ്റേറ്റ് റെവന്യൂവിനെ മാത്രം ആശ്രയിച്ച് മദ്യ വരുമാനത്തെ പരാമർശിക്കുന്നതും ഒരു അപക്വതയാണ്. ഒരർത്ഥത്തിൽ സങ്കുചിതമായ അധികാര കേന്ദ്രീകൃത വിശകലനമാണത്.

കേരളം എന്ന സമൂഹത്തിന്റെ ആധുനിക ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. സിലോണിലേക്കും മലയായിലേക്കും ബർമ്മയിലേക്കും പോയ തലമുറകൾ മുതൽ ഗൾഫ് മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കിയ ലക്ഷങ്ങൾ വരെ, അവർ അയച്ച പണമാണ് ഈ നാടിന്റെ വീടുകളും വിദ്യാഭ്യാസവും ആരോഗ്യവും പടുത്തുയർത്തിയത്.

ഇന്നും ലോകമെങ്ങുമുള്ള മലയാളി പ്രവാസി സമൂഹമാണ് കേരളീയ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. ഇന്ത്യയിലെ ആകെ എൻ.ആർ.ഐ. നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് കേരള ബാങ്കുകളിലാണ്. കുടിയേറ്റം കൊണ്ട് ജീവിക്കുന്ന ഒരു നാടിന്റെ മുഖ്യമന്ത്രി, തന്റെ നാട്ടിലേക്ക് കുടിയേറിവന്നവരുടെ റെമിറ്റൻസിനെ ഭീഷണിയായി ചിത്രീകരിക്കുമ്പോൾ, അത് ചരിത്രത്തോടുള്ള നന്ദികേട് മാത്രമല്ല; അപകടകരമായ ഒരു കീഴ്‌വഴക്കം കൂടിയാണ്.

കാരണം, ഈ യുക്തിക്ക് അതിർത്തികളില്ല. കേരളത്തിലെ തൊഴിലാളിയുടെ റെമിറ്റൻസ് ‘അടിത്തറ മാന്തലാണ്’ എങ്കിൽ, ദുബായിലെയും റിയാദിലെയും ഭരണാധികാരികൾക്ക് മലയാളിയുടെ റെമിറ്റൻസിനെക്കുറിച്ചും അതേ വാദം ഉന്നയിക്കാം. ബാംഗ്ലൂരിലും മുംബൈയിലും ഡൽഹിയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെക്കുറിച്ച് അവിടങ്ങളിലെ രാഷ്ട്രീയ നേതൃത്വവും ഇതേ ഭാഷ സ്വീകരിക്കാം.

നമ്മുടെ നിയമസഭയിൽ നിന്ന് ഈ ആഖ്യാനത്തിന് നിയമസാധുത ലഭിച്ചാൽ, അതിന്റെ ആദ്യ ഇരകളിൽ ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികളായിരിക്കും. പ്രവാസത്തിന്റെ വേദന ഏറ്റവും നന്നായി അറിയുന്ന ഒരു ജനത, മറ്റൊരു പ്രവാസിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണിവ.

കുടിയേറ്റ തൊഴിലാളിയെ സാമ്പത്തിക പ്രതിയാക്കുന്ന ആഖ്യാനം കേരളത്തിന്റെ പൊതുബോധത്തിൽ സ്ഥാനം പിടിക്കരുത്. കേരളത്തിന് മുന്നിലുള്ള യഥാർഥ സാമ്പത്തിക ചോദ്യങ്ങൾ തൊഴിൽ സൃഷ്ടി, വ്യവസായ നിക്ഷേപം, ധനകാര്യ സുസ്ഥിരത, തൊഴിലാളികളുടെ രജിസ്ട്രേഷനും സാമൂഹിക സുരക്ഷയുമാണ്. അവയ്ക്കുള്ള ഉത്തരം തേടേണ്ടത് പഠനങ്ങളിലും നയങ്ങളിലുമാണ്; അയൽ സംസ്ഥാനത്തുനിന്ന് വന്ന് നമ്മുടെ വീടും റോഡും നഗരങ്ങളും പണിയുന്ന മനുഷ്യന്റെ ഗൂഗിൾ പേ കണക്കിലല്ല.

നിയമസഭയിൽ പറഞ്ഞ വാക്കുകൾ തിരുത്താനുള്ള മഹാമനസ്കത ജനാധിപത്യത്തിന്റെ അലങ്കാരമാണ്. ആ തിരുത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblychief ministerIdeologySYS.
News Summary - 'Dangerous Ideology': Azhari Criticizes CM
Next Story