അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതോ പ്രളയകാരണം?
text_fieldsതിരുവനന്തപുരം: ഇടുക്കിയടക്കം 22 അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതാണ് മഹാപ്രളയത്തിനിടയാക്കിയതെന്ന് വിലയിരുത്തൽ. ഇത്ര അണക്കെട്ടുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ സുരക്ഷാഭീഷണി ഉയർത്തിയിട്ടും ഡാം സുരക്ഷ അതോറിറ്റി പ്രതികരിച്ചിട്ടില്ല. ബാണാസുരസാഗറും ഇടുക്കിയും മാട്ടുപ്പെട്ടിയും പമ്പയും അടക്കം തുറന്നുവിട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കനത്ത മഴ സ്ഥിതി രൂക്ഷമാക്കി. ഉരുൾപൊട്ടലുമുണ്ടായി. ഇത് മുൻകൂട്ടിക്കണ്ട് ആസൂത്രണം ചെയ്യുന്നതിൽ വീഴ്ചപറ്റിയെന്നാണ് വിലയിരുത്തൽ.
ജൂൈല 21ഒാടെയാണ് മഴ ശക്തമായത്. അന്ന് ഇടുക്കിയിൽ ജലനിരപ്പ് 79 ശതമാനമായി ഉയർന്നു. പമ്പ -80, ഷോളയാർ -92, ഇടമലയാർ -80, കുറ്റ്യാടി -99, പൊന്മുടി -97 എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ആഗസ്റ്റ് ഒന്നിന് ഇടുക്കിയിൽ ജലനിരപ്പ് 92 ശതമാനമായി. സാധാരണ തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയാറില്ല. ഇത്തവണ അത് സംഭവിച്ചു. ജലനിരപ്പ് ഉയർന്ന് തുടങ്ങിയപ്പോൾ തന്നെ ചെറിയ തോതിൽ തുറന്ന് വിട്ടിരുെന്നങ്കിൽ പെരിയാർ തീരവും മൂവാറ്റുപുഴയും മുങ്ങുമായിരുന്നില്ല. ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറക്കുകയും മുതിരപ്പുഴയാറിൽ നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് പ്രളയം സൃഷ്ടിക്കപ്പെട്ടത്.
മാട്ടുപ്പെട്ടി നിറഞ്ഞുതുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സാധാരണ ഇൗ സമയം മാട്ടുപ്പെട്ടി നിറയാറില്ലാത്തിനാൽ ജനം മുൻകരുതൽ എടുത്തില്ല. എന്നാൽ, അണക്കെട്ട് തുറന്നതോടെ മൂന്നാർ മുങ്ങി. ഇൗ വെള്ളം കുത്തിയൊലിച്ച് പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിലൂടെ പെരിയാറിലെത്തി. ഇത് തന്നെയാണ് പമ്പ തീരത്തും സംഭവിച്ചത്. ശബരിഗിരി പദ്ധതി പ്രദേശത്തെ കനത്തമഴക്ക് പുറമെ പീരുമേട്ടിലെ അതിശക്തമായ മഴയിൽ അഴുതയാർ നിറഞ്ഞെത്തി. ചാലക്കുടിപ്പുഴ നിറഞ്ഞുകവിഞ്ഞതും അണക്കെട്ടുകളിൽനിന്നെത്തിയ വെള്ളംമൂലമാണ്.
പറമ്പിക്കുളം-ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡിെൻറ അനുമതിയില്ലാതെയാണ് വെള്ളം തുറന്നുവിട്ടതെന്നും പറയുന്നു. ജൂണിൽ 15, ജൂലൈയിൽ 18 ശതമാനം വീതം അധിക മഴ ലഭിച്ചപ്പോൾ തന്നെ അണക്കെട്ടുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമായിരുെന്നന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
