കൊല്ലം: കടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായിരുന്നു. ഒരു ബന്ധുവടക്കം മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ഡി.എൻ.എ പരിശോധനയിലൂടെയാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. കേസ് ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചനയുണ്ട്.
ജനുവരി 23 നാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കടക്കല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജനുവരി 24 ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ രക്തകട്ടപിടിച്ചു കിടക്കുന്നതായും പേശികള്‍ക്ക് ക്ഷതം സംഭവിച്ചതായും പറയുന്നു. തുടക്കത്തിൽ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണമാരംഭിച്ചത്.