ഉള്ള്യേരി: അത്തോളി ഗ്രാമ പഞ്ചായത്തിലെ കൂമുള്ളി തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദലിത് കുടുംബത്തിന് വിവാഹ ചടങ്ങുകൾ നടത്താനുള്ള അനുമതി നിഷേധിച്ചതായി പരാതി. കൂമുള്ളി സ്വദേശിയായ യുവതിയും കോഴിക്കോട് ചേവായൂർ സ്വദേശിയായ വരനും തമ്മിൽ ഇന്നലെ (വെള്ളിയാഴ്ച) നടക്കേണ്ടിയിരുന്ന വിവാഹത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിവാദം ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 17ന് വിവാഹ നിശ്ചയത്തിനുശേഷം യുവതിയുടെ ബന്ധുക്കൾ ക്ഷേത്ര ഭാരവാഹികളിൽ നിന്നും അനുമതി തേടിയിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്താൻ കഴിയില്ലെന്ന് മൂന്നു ദിവസം മുമ്പ് ബന്ധപ്പെട്ടവർ അറിയിച്ചതായാണ് പരാതി.
ഇതേത്തുടർന്ന് സി.പി.എം നേതൃത്വത്തിൽ കൂമുള്ളി നോർത്ത് വായനശാലയിൽവെച്ച്, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹം നടക്കുകയും ചെയ്തു. അതേസമയം ദലിത് കുടുംബത്തിന് അനുമതി നിഷേധിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
ക്ഷേത്രത്തിന് തൊട്ടടുത്ത ഉള്ളേ ്യരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് കണ്ടെയ്ൻമെൻറ് സോൺ ആയതിനാലും കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാലുമാണ് അനുമതി നിഷേധിച്ചതെന്നും ക്ഷേത്രത്തിൽ ദിവസപൂജ മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂവെന്നും അധികൃതർ പറഞ്ഞു.