ദലിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെക്കൽ; എസ്.ഐക്കു പിന്നാലെ എ.എസ്.ഐയെയും സസ്പെൻഡ് ചെയ്തു
text_fieldsതിരീവനന്തപുരം: സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
സംഭവത്തിൽ കഴിഞ്ഞദിവസം സ്റ്റേഷൻ ചുമതല ഉണ്ടായിരുന്ന എസ്.ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. കേട്ടാലറക്കുന്ന അസഭ്യവർഷമാണ് ഇയാൾ സ്ത്രീക്കെതിരെ പ്രയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി. ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജി.ഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പേരൂർക്കട പൊലീസ് ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്.
അതിക്രൂരമായാണ് പൊലീസുകാർ യുവതിയോട് പെരുമാറിയത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാവരും കാൺകെ പേപ്പർ വിരിച്ച് സ്റ്റേഷനിൽ നിലത്തിരുത്തിയതായും ബിന്ദു പറഞ്ഞിരുന്നു. തൊലിയുടെ നിറത്തിന്റെ പേരിലും അവഹേളിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും എഫ്.ഐ.ആർ റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയാറായില്ല.
തിരുവനന്തപുരം കന്റോൺമെന്റ് എ.സി നടത്തിയ അന്വേഷണത്തിലാണ് എസ്.ഐയെയും എ.എസ്.ഐയെയും സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലുള്ള വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നൽകാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

