ദലിത് യുവതിക്ക് പീഡനം: കോൺഗ്രസ് കൗൺസിലർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ
text_fieldsകേരള ഹൈകോടതി
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന ദലിത് യുവതിയുടെ പരാതിയിൽ അറസ്റ്റ് തടയാൻ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ എം. പ്രശോഭ് ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. പട്ടിക വിഭാഗ പീഡന നിരോധന നിയമമടക്കം ബാധകമായതിനാൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കി മണ്ണാർക്കാട് സ്പെഷ്യൽ കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയിരുന്നു. ഹരജി പരിഗണിച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പരാതിക്കാരിക്ക് നോട്ടീസയച്ചു.
പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന ഹരജിക്കാരൻ, വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് പലതവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. യുവതിയുടെ വീട്ടിലും കാറിലും പീഡനം നടത്തി. യുവതിയുടെ പരാതിയിൽ പട്ടിക വിഭാഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തിയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത്. ഈ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ജാമ്യം തള്ളിയ പ്രത്യേക കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നുമാണ് ഹരജിയിലെ വാദം. ഹരജി വീണ്ടും മേയ് അഞ്ചിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

