ദലിത് ചിന്തകൻ കെ.കെ. കൊച്ച് അന്തരിച്ചു
text_fieldsകോട്ടയം: ദലിത്-കീഴാള അവകാശ പോരാളിയും എഴുത്തുകാരനും ചിന്തകനുമായിരുന്ന കെ.കെ. കൊച്ച് (76) അന്തരിച്ചു. അർബുദബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, വ്യാഴാഴ്ച പകൽ 11.30നായിരുന്നു അന്ത്യം. കടുത്തുരുത്തി തത്തപ്പിള്ളിയിലെ കബനി വീട്ടിലായിരുന്നു താമസം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. രാവിലെ 11 മുതൽ മൃതദേഹം കടുത്തുരുത്തി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും.
എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച കൊച്ച്, കെ.എസ്.ആർ.ടി.സിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ മധുരവേലിയിലായിരുന്നു ജനനം. കല്ലറ എൻ.എസ്.എസ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
വിദ്യാർഥിയായിരിക്കെ 16 ദിവസം ജയിൽശിക്ഷ അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ആറുമാസം ഒളിവിലായിരുന്നു. കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂനിയൻ, മനുഷ്യാവകാശസമിതി എന്നീ സംഘടനകളുടെ രൂപവത്കരണത്തിന് നേതൃത്വം നൽകി. ‘സീഡിയൻ’ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരിക, ഇന്ത്യന്‍ ഡെമോക്രാറ്റ്, സൂചകം എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്നു. നവംബര്‍ ബുക്സ്, സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസ് എന്നീ പ്രസാധക സംരംഭങ്ങളുടെ മാനേജിങ് എഡിറ്ററായിരുന്നു.
1977ല്‍ കെ.എസ്.ആര്.ടി.സിയില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2001ല്‍ സീനിയര്‍ അസിസ്റ്റന്റായാണ് വിരമിച്ചത്. ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘ദലിതന്’ എന്ന ആത്മകഥ ഏറെ ചർച്ച ചെയ്യപ്പെട്ടു. യുവകലാസാഹിതിയുടെ വൈക്കം ചന്ദ്രശേഖരന് നായര്‍ പുരസ്കാരം, പ്രഥമ അരളി അവാര്‍ഡ്, വചനം ബുക്സ് അവാര്‍ഡ് എന്നിവ ഇതിന് ലഭിച്ചിട്ടുണ്ട്.
ഇതിന്റെ ഇംഗ്ലീഷ് പതിപ്പിന് 2025ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ബുക്ക് ഓഫ് ദ ഇയർ അവാർഡും ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1971ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കോളജ് വിദ്യാർഥികൾക്കായി നടത്തിയ സാഹിത്യമത്സരത്തിൽ നാടകരചനക്ക് രണ്ടാംസമ്മാനം ലഭിച്ചു. ‘കലാപവും സംസ്കാരവുമാണ്’ ആദ്യ കൃതി. ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണ നിർവഹണ സമിതി അംഗമാണ്. ഭാര്യ: ഉഷാദേവി. മകൻ: ഡോ. കെ.കെ. ജയസൂര്യൻ (സയന്റിസ്റ്റ്, സി.ഡബ്ല്യു.ആർ.ഡി.എം, കോട്ടയം സബ് സെന്റർ ഹെഡ്), കെ.കെ. സൂര്യ നയന (അധ്യാപിക). മരുമകൾ: ഡോ. പി.കെ. ചാന്ദിനി (ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോ, എം.ജി യൂനിവേഴ്സിറ്റി, കോട്ടയം).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.