ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് കെ.പി. അബൂബക്കർ ഹസ്റത്ത് അന്തരിച്ചു
text_fieldsകൊല്ലം: പ്രമുഖ ഇസ് ലാമിക പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റുമായ കെ.പി. അബൂബക്കർ ഹസ്റത്ത് (കെ.പി. ഉസ്താദ്) അന്തരിച്ചു. വർക്കല ജാമിഅ മന്നാനിയ അറബിക് കോളജ് പ്രിൻസിപ്പലായിരുന്നു. തെക്കൻ കേരളത്തിലെ ഏറ്റവും തലമുതിർന്ന പണ്ഡിതനാണ്. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് കൊല്ലം മുട്ടക്കാവ് ജുമ മസ്ജിദിൽ നടക്കും.
എറണാകുളം ജില്ലയിലെ കാക്കനാട് പടമുഗൾ കിഴക്കേക്കരയിൽ മജീദ് ഹാജി - ആയിഷ ദമ്പതികളുടെ മകനായി 1937ലാണ് കെ.പി. അബൂബക്കർ ഹസ്റത്ത് ജനിച്ചത്. കേരളത്തിലെ ആദ്യ ഫൈസി ബിരുദധാരികളിൽ ഏറ്റവും മുതിർന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ആറര പതിറ്റാണ്ടായി അധ്യാപന രംഗത്തുള്ള അബൂബക്കർ ഹസ്റത്തിന് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പ്രമുഖ പണ്ഡിതൻ കോക്കൂർ കുഞ്ഞഹമ്മദ് മുസ് ലിയാരുടെ ദർസിൽ ചേർന്ന് അഞ്ച് വർഷം മതപഠനം പൂർത്തിയാക്കി. ശേഷം പരപ്പനങ്ങാടി പനയത്തിൽ പള്ളിയിൽ കോട്ടുമല ഉസ്താദിന്റെ ദർസിൽ ചേർന്നു.
സമസ്തയുടെ നേതൃത്വത്തിൽ പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് തുടക്കം കുറിക്കുകയും കോട്ടുമല ഉസ്താദ് കോളജ് പ്രിൻസിപ്പലായി സ്ഥാനമേൽക്കുകയും ചെയ്തതിന് പിന്നാലെ അബൂബക്കർ ഹസ്റത്ത് ആദ്യ ബാച്ചിൽ പ്രവേശനം നേടി. കോട്ടുമല ഉസ്താദ്, ഇ.കെ. ഉസ്താദ്, താഴക്കോട് കുഞ്ഞലവി ഉസ്താദ് എന്നിവരായിരുന്നു പട്ടിക്കാട് ജാമിഅയിലെ അബൂബക്കർ ഹസ്റത്തിന്‍റെ അധ്യാപകർ.
സമസ്ത മുൻ അധ്യക്ഷൻ കുമരംപുത്തൂർ ഉസ്താദ് പട്ടിക്കാട് കോളജിൽ അബൂബക്കർ ഹസ്റത്തിന്‍റെ സഹപാഠിയായിരുന്നു. പട്ടിക്കാട് കോളജിൽ നിന്ന് പ്രഥമ ഫൈസിയായി പുറത്തിറങ്ങിയ ശേഷം ഒ.ബി. തഖിയുദ്ദീൻ ഫരീദുദ്ദീൻ ഉസ്താദിന്‍റെ നിർദേശപ്രകാരം കൊല്ലം ജില്ലയിലെ തേവലക്കരയിൽ മുദരിസായി 18 വർഷം സേവനം ചെയ്തു. ശേഷം കൊല്ലം ജില്ലയിലെ മുട്ടക്കാവിൽ മുദരിസായി സ്ഥാനമേറ്റു.
കൊല്ലത്ത് സ്ഥിരതാമസമാക്കുകയും പള്ളിമുക്ക് മഹല്ലിൽ വർഷങ്ങളോളം ദർസ് നടത്തി. തുടർന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള മതപഠന സ്ഥാപനമായ ജാമിയ മാന്നാനിയ്യ അറബിക് കോളജിലേക്ക് അബൂബക്കർ ഹസ്റത്ത് മാറി.
മന്നാനിയ്യയിൽ സേവനം ചെയ്തു കൊണ്ടിരിക്കെ ശിഷ്യനായ അബ്ദുന്നാസർ മഅ്ദനിയുടെ ആഗ്രഹപ്രകാരം അൻവാറുശ്ശേരിയിലെ ദറസിൽ അഞ്ച് വർഷം സേവനം ചെയ്തു. ശേഷം മന്നാനിയ്യ അറബിക് കോളജിലേക്ക് തന്നെ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

